യുവതാരം പൃഥ്വി ഷാ തന്റെ കരിയര്‍ നശിപ്പിക്കുന്നത് തുടരുകയാണ്. വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള മുംബൈ ടീമില്‍ നിന്ന് യുവതാരത്തെ ഒഴിവാക്കി. 41 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഖില്‍ ഹെര്‍വാഡ്കറാണ് താരത്തിന്റെ പകരക്കാരന്‍.
മീഡിയ റിലീസില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷായെ പുറത്താക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് അച്ചടക്ക നടപടി ആണെന്നാണ് കരതുന്നത്. പലപ്പോഴും പരിശീലന സെഷനുകളില്‍ താരം എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഷാ നെറ്റ് സെഷനുകള്‍ ഗൗരവമായി എടുക്കുന്നില്ല. സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ശാര്‍ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പതിവായി പരിശീലന സെഷനുകളില്‍ എത്തുന്നുണ്ട്. പരാജയങ്ങള്‍ക്ക് ശേഷവും ഷാ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനാല്‍ താരത്തെ ഒരു പാഠം പഠിപ്പിക്കാന്‍ ഒഴിവാക്കല്‍ അനിവാര്യമാണെന്ന് സെലക്ഷന്‍ പാനല്‍ വിശ്വസിക്കുന്നു.
സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), വിക്രാന്ത് യെലിഗേത്വ്, കിരണ്‍ പൊവാര്‍, രവി താക്കര്‍, ജീതേന്ദ്ര താക്കറെ എന്നിവരാണ് പൃഥ്വി ഷായ്ക്കെതിരെ പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനായി അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20യും ഷാ കളിച്ചിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ നടന്ന രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ബറോഡയ്ക്കെതിരെ 7, 12, മഹാരാഷ്ട്രയ്ക്കെതിരെ 1, 39 നോട്ടൗട്ട് എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.