ക്രിക്കറ്റിലെ ഓൾ റൗണ്ടർ എന്ന നിലയിൽ തന്നെ പ്രചോദിപ്പിക്കുന്നത് ഹാർദിക് പാണ്ഡ്യയെയും ബെൻ സ്റ്റോക്സിനെയും ആണെന്ന് നിതീഷ് കുമാർ റെഡ്ഡി . റെഡ്ഡിയെ സിംബാബ്‌വെ പര്യടനത്തിനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പരിക്കേറ്റ് അദ്ദേഹം പുറത്തായി. സെപ്തംബർ 5 ന് ദുലീപ് ട്രോഫിയോടെ ആരംഭിക്കുന്ന ആഭ്യന്തര സീസണിലേക്കുള്ള തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് അദ്ദേഹം.
തിരക്കിട്ട ഷെഡ്യൂളുകൾക്കിടയിലും തൻ്റെ മികവിനെ ഹർദിക് പാണ്ഡ്യ പ്രശംസിച്ചതായി നിതീഷ് വെളിപ്പെടുത്തി. 21 കാരനായ താരം ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്കിനെയും ഹാർദിക്കിനെയും തൻ്റെ പ്രചോദനമായി തിരഞ്ഞെടുത്തു. “ഞാൻ ഊർജവും ഉദ്ദേശവും നിലനിർത്തണമെന്നും കളിയെ ബഹുമാനിക്കണമെന്നും പറഞ്ഞുകൊണ്ട് ഹാർദിക് ഭായ് എനിക്ക് സന്ദേശമയച്ചു. ഉടൻ സംസാരിക്കുമെന്ന് ഹാർദിക് പറഞ്ഞു. 2024 ലെ ടി20 ലോകകപ്പിൻ്റെ തിരക്കിലും അദ്ദേഹത്തിൻ്റെ സന്ദേശം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു, ”റെഡ്ഡി പറഞ്ഞു.
“ഞാൻ ഒരു ഓൾറൗണ്ടർ കൂടിയായതിനാൽ ഹാർദിക് പാണ്ഡ്യയും ബെൻ സ്റ്റോക്സുമാണ് എൻ്റെ പ്രചോദനം. എനിക്ക് സന്ദേശം അയച്ചതിന് ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞു, ”അദ്ദേഹം കൂട്ടിച്ചേർത്തു. ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ 144 റൺസും 11 വിക്കറ്റും നേടി പാണ്ഡ്യ ഒരു പ്രധാന പങ്ക് വഹിച്ചു. പ്രധാനപ്പെട്ട മത്സരങ്ങളിൽ ബാറ്റിംഗിലും ബോളിങ്ങിലും മികവ് കാണിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം കളിക്കുന്ന ബെൻ സ്റ്റോക്സ് വൈറ്റ് ബോൾ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. 2019 ഏകദിന ലോകകപ്പിലും 2022 ടി20 ലോകകപ്പിലും ഇംഗ്ലണ്ടിൻ്റെ വിജയങ്ങളിൽ അദ്ദേഹം ശ്രദ്ധേയനായിരുന്നു.
Read more
അതേസമയം, ഐപിഎൽ 2024ൽ 143 സ്‌ട്രൈക്ക് റേറ്റിൽ റെഡ്ഡി 11 ഇന്നിംഗ്‌സുകളിൽ നിന്ന് 303 റൺസ് നേടി. കൂടാതെ മൂന്ന് വിക്കറ്റും വീഴ്ത്തി. സീസണിലെ എമർജിംഗ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.