ന്യൂസിലന്‍ഡ് ഹാര്‍ഡ് ഹിറ്റിംഗ് ബാറ്റര്‍ കോളിന്‍ മണ്‍റോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമില്‍ ഇടംനേടാന്‍ സാധിക്കാതെ വന്നതിനു പിന്നാലെയാണ് വിരമിക്കല്‍ തീരുമാനം.
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മണ്‍റോ ന്യൂസിലന്‍ഡിനെയാണ് ക്രിക്കറ്റില്‍ പ്രതിനിധീകരിച്ചത്. തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനങ്ങള്‍ക്ക് പേരുകേട്ട ഒരു വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായിരുന്നു അദ്ദേഹം. ബ്ലാക്ക് ക്യാപ്‌സിനായി 128 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികളും 19 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ ഫോര്‍മാറ്റുകളിലുടനീളം 3010 റണ്‍സ് അദ്ദേഹം നേടി.
2015ലെ ലോകകപ്പ് ഫൈനലില്‍ എത്തിയ ന്യൂസിലന്‍ഡ് ടീമിന്റെ ഭാഗമായിരുന്നു 37-കാരനായ മണ്‍റോ. ബ്ലാക്ക് ക്യാപ്‌സിനായി നിരവധി ഉഭയകക്ഷി പരമ്പര വിജയങ്ങളിലെ പ്രധാന കളിക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം.
2020 തൊട്ട് ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കിലും ടി20 ലോകകപ്പ് കളിക്കാന്‍ താന്‍ തയ്യാറാണെന്ന് മണ്‍റോ അറിയിച്ചിരുന്നു. പക്ഷേ കിവീസ്, താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. എങ്കിലും താരം ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നത് തുടരും.