ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മേല്‍ക്കൈ നേടി നില്‍ക്കുകയാണ് ബംഗ്ലാദേശ്. ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ബംഗ്ലാദേശ് കിവീസ് മണ്ണില്‍ കാഴ്ചവെയ്ക്കുന്നത്. അതിനിടയില്‍ ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നുണ്ടായ വന്‍ അബദ്ധം ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തുകയാണ്.
ബംഗ്ലാദേശില്‍ നിന്ന് വന്ന ഡിആര്‍എസ് അപ്പീല്‍ ആണ് ചിരി പടര്‍ത്തുന്നത്. ന്യൂസിലാന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സിലെ 37ാമത്തെ ഓവറിലാണ് സംഭവം. ബംഗ്ലാദേശിന്റെ തസ്‌കിന്‍ അഹ്‌മദിന്റെ ഫുള്‍ ലെംഗ്ത് ഡെലിവറിയില്‍ റോസ് ടെയ്ലറുടെ ബാറ്റില്‍ മാത്രമാണ് ടച്ചുണ്ടായിരുന്നത്. എന്നാല്‍ ബോളറും ഫീല്‍ഡറും എല്‍ബിഡബ്ല്യുവിന് അപ്പീല്‍ ചെയ്തു.
ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചെങ്കിലും ബംഗ്ലാദേശ് ക്യാപ്റ്റന്‍ റിവ്യു നല്‍കി. റിപ്ലേകളില്‍ ടെയ്ലറുടെ പാഡിന്റെ അടുത്ത് പോലും പന്ത് വരുന്നില്ലെന്ന് വ്യക്തമായി. ക്രിക്കറ്റ് കണ്ടതില്‍ വെച്ച് ഏറ്റവും മോശം റിവ്യു എന്നാണ് ആരാധകര്‍ ഇതിനെ പരിഹസിക്കുന്നത്.
ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. 17 റണ്‍സിന്റെ മാത്രം ലീഡാണ് ആതിഥേയര്‍ക്ക് ഉള്ളത്. ഒരു ദിവസം കൂടി ശേഷിക്കെ അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് കിവീസിന് ബാക്കിയുള്ളത്. ശേഷിക്കുന്ന ന്യൂസിലന്‍ഡ് വിക്കറ്റുകള്‍ ഏറ്റവും കുറഞ്ഞ ഓവറില്‍ വീഴ്ത്തിയ ശേഷം ലക്ഷ്യം മറികടക്കുകയാകും ബംഗ്ലാദേശിന്റെ ലക്ഷ്യം.