നാണംകെട്ട റണ്ണൗട്ട് പുകയുന്നു; അമ്പരന്ന് ക്രിക്കറ്റ് ലോകം

ക്രൈസ്റ്റ് ചര്‍ച്ച് : അണ്ടര്‍ 19 ലോകകപ്പില്‍ സംഭവിച്ച ഒരു വിവാദം ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയ്ക്ക് വഴവെക്കുന്നു. വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെയാണ് അമ്പയര്‍ വിവാദ തീരുമാനം എടുത്തത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ജീവേശന്‍ പിള്ളയാണ് നീതികരിക്കാത്ത വിധം പുറത്തായത്.

ഫീല്‍ഡറെ തടസ്സപ്പെടുത്തിയെന്ന പേരിലാണ് ഔട്ട് വിധിക്കാനുള്ള അധികാരം ഉപയോഗിച്ച് അമ്പയര്‍ താരത്തെ പുറത്താക്കിയത്. ദക്ഷിണാഫ്രിക്ക 17 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് സംഭവം.

പന്ത് അടിച്ചകറ്റാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റംപിനു സമീപത്തേക്ക് നീങ്ങിയ പന്താണ് താരം തടഞ്ഞിടാന്‍ ശ്രമിച്ചത്. പിന്നീട് പന്ത് കയ്യിലെടുത്ത് വെസ്റ്റിന്‍ഡീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എമ്മാനുവല്‍ സ്റ്റ്യുവാര്‍ട്ടിനു നല്‍കുകയും ചെയ്തു.

എന്നാല്‍, ഫീല്‍ഡിങ് തടസ്സപ്പെടുത്തിയതിന് താരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റ്യുവാര്‍ട്ട് തുടര്‍ച്ചയായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഇതോടെ ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയറിനു വിടുകയായിരുന്നു. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം തേര്‍ഡ് അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ താരത്തെ പുറത്താക്കുന്നതിന് വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി. അണ്ടര്‍ 19 ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിലാണ് വിവാദമായിത്തീര്‍ന്ന പുറത്താക്കല്‍ സംഭവിച്ചത്.