റോയല്‍ ചലഞ്ചേഴ്‌സ് ബ്ലാഗ്ലൂരിനെതിരെ അസാധ്യമെന്ന് തോന്നിയ വിജയം പിടിച്ചെടുത്തതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി പഞ്ചാബിന്റെ വിജയശില്‍പ്പിയും പ്ലെയര്‍ ഓഫ് ദി മാച്ചുമായ ഓഡിയന്‍ സ്മിത്ത്. മത്സര ശേഷം സംസാരിക്കവേയാണ് അത്ഭുത റണ്‍ചേസിനു പിന്നിലെ രഹസ്യം താരം വെളിപ്പെടുത്തിയത്.
‘വളരെയധികം പ്രചോദനമേകുന്ന 14 പീക്ക്സെന്ന ഡോക്യുമെന്ററി സിനിമ പഞ്ചാബ് കിംഗ്‌സിലെ എല്ലാവരും ഒരുമിച്ച് കണ്ടിരുന്നു. ഇതാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ നല്‍കിയ വെല്ലുവിളി മറികടക്കാന്‍ സഹായിച്ചത്.’
‘പഞ്ചാബ് ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വിശ്വാസമെന്നത് വളരെ പ്രധാനമാണ്. ഞങ്ങള്‍ മല്‍സരത്തിനുമുമ്പ് 14 പീക്ക്സെന്ന (14 കൊടുമുടി) സിനിമ കണ്ടിരുന്നു. ഇത് ആദ്യത്തെ കൊടുമുടിയാണ്, ഇനി 13 എണ്ണം കൂടിയുണ്ട്. സിനിമ ഞങ്ങളെയെല്ലാം വളരെയധികം പ്രചോദിപ്പിച്ചു’ സ്മിത്ത് പറഞ്ഞു.
206 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു പഞ്ചാബ് ബാറ്റ് വീശിയപ്പോള്‍ ജയ പ്രതീക്ഷ ഏറെ അകലെയായിരുന്നു. പക്ഷെ പഞ്ചാബിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ ആര്‍സിബിക്കു കീഴടങ്ങി. സ്മിത്ത് എട്ടു ബോളില്‍ നിന്നും പുറത്താവാതെ 25 റണ്‍സ് നേടി അവസാന ഓവറുകളില്‍ കത്തിക്കയറിയപ്പോള്‍ അഞ്ച് വിക്കറ്റും ഒരോവറും ബാക്കി വെച്ച് പഞ്ചാബ് ജയിച്ചു കയറി.