പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീം ലോകകപ്പ് ക്രിക്കറ്റില്‍ ഏഴ് കളികളില്‍ മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്. ഇതിനിടയിലാണ് ബാബര്‍ അസമിന്റെ വാട്ട്സ്ആപ്പ് ചാറ്റ് ചോര്‍ന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നില്‍ പിസിബി ചെയര്‍മാര്‍ സാക്കാ അഷ്‌റഫ് ആണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇതില്‍ സാക്കാ അഷ്‌റഫിനെതിരെ രംഗത്തുവന്നിരിക്കുകയാണ് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി.
സക്ക അഷ്റഫ് ഒരു ക്ലബ്ബ് ചെയര്‍മാനല്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ച് പ്രവര്‍ത്തിക്കണം. രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളെ വിളിച്ച് ടീമിന്റെ കാര്യം പറയുന്നത് തെറ്റാണ്. പാക് ടീമിന്റെ ഉന്നമനത്തിനായാണ് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. താരങ്ങള്‍ നിങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്താന്‍ കാരണം അതിനുളള സാഹചര്യം ഉണ്ടാകുന്നത് കൊണ്ടാണ്.
ലോകകപ്പില്‍ തോല്‍വിയും വിജയവും ഉണ്ടാകും. ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം നിങ്ങള്‍ അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. സ്വന്തം ചുമതലയിലിരുന്ന് ക്രിക്കറ്റ് താരങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. ആദ്യം നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നന്നായി ചെയ്യു, എന്നിട്ട് മറ്റുള്ളതില്‍ കതലയിടൂ- ഒരു പാക് ടിവി ഷോയില്‍ അഫ്രീദി പറഞ്ഞു.
പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും പിസിബി മേധാവി സക്ക അഷ്‌റഫും തമ്മിലുള്ള ബന്ധം ശരിയല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ സംഭവവികാസങ്ങള്‍. ക്രിക്കറ്റ് ലോകകപ്പിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം, ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി ‘ബോര്‍ഡ് തീരുമാനങ്ങള്‍ എടുക്കും’ എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവന ബാബറിന്‍രെ ടീമിലെ സ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.