ഏകദിന ലോകകപ്പ്: ഇന്ത്യയ്ക്ക് സംഭവിച്ച പരാജയത്തിന്റെ ശരിയായ കാരണം ചൂണ്ടിക്കാട്ടി ചോപ്ര

ഏകദിന ലോകകപ്പ് ഫൈനലിലില്‍ ഇന്ത്യയ്ക്ക് സംഭവിച്ച പരാജയത്തിന്റെ ശരിയായ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. പിച്ച് തയ്യാറാക്കുന്നതില്‍ ഇന്ത്യക്ക് സംഭവിച്ച അശ്രദ്ധയാണെന്നാണ് ഇന്ത്യയ്ക്ക് സംഭവിച്ച പരാജയത്തിന്റെ കാരണമായി ചോപ്ര പറയുന്നത്. ഇത്തരമൊരു പിച്ച് എന്തിനാണ് ഇന്ത്യ തയ്യാറാക്കിയതെന്ന് ചോദിച്ച ചോപ്ര ഇതാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചതെന്നും പറഞ്ഞു.

ഇന്ത്യ എന്തുകൊണ്ടാണ് ഈ പിച്ച് തിരഞ്ഞെടുത്തതെന്ന് മനസിലാകുന്നില്ല. കറുത്ത മണ്ണുള്ള പിച്ചായിരുന്നു ഇന്ത്യ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ഇതില്‍ സ്പിന്നിന് തിളങ്ങാനാവും.

ഓസ്ട്രേലിയക്കെതിരേ കളിക്കുമ്പോള്‍ ഏത് തരം പിച്ചാണ് വേണ്ടതെന്ന കാര്യത്തില്‍ ഇന്ത്യക്ക് വ്യക്തത വേണമായിരുന്നു. ഇത്തരമൊരു പിച്ചില്‍ ആദ്യം ബാറ്റുചെയ്യുമ്പോള്‍ സ്വാതന്ത്ര്യത്തോടെ ബാറ്റുചെയ്യുക പ്രയാസമാണ്. ഇന്ത്യക്ക് കരുത്തിനനുസരിച്ചുള്ള പിച്ച് തയ്യാറാക്കാനായില്ല-ആകാശ് പറഞ്ഞു.

ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യേണ്ടി വന്ന ഇന്ത്യക്ക് 240 റണ്‍സാണ് ആകെ നേടാനായത്. മറുപടിയില്‍ 42 പന്ത് ബാക്കിയാക്കി സന്ദര്‍ശകര്‍ ഇന്ത്യയെ മറികടക്കുകയും ചെയ്തു.