ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ലോകകപ്പ് ഹീറോ യുവരാജ് സിംഗ്. ഫൈനലില്‍ ജയിച്ചുകയറാന്‍ ഇന്ത്യ വലിയ പിഴവുകള്‍ വരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും സമ്മര്‍ദ്ദം അതിജീവിച്ച് വിജയിക്കാനുള്ള അപാരശേഷി ഓസ്ട്രേലിയക്കുണ്ടെന്നും യുവരാജ് പറഞ്ഞു.
എങ്ങനെയാണ് സമ്മര്‍ദത്തെ അതിജീവിക്കേണ്ടത് എന്ന് ഓസ്‌ട്രേലിയക്കറിയാം. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ അവര്‍ ജയിക്കുന്നു. കാരണം അവര്‍ക്ക് വലിയ മല്‍സരങ്ങള്‍ ജയിക്കുന്നതിനുള്ള ഗുണവിശേഷമുണ്ട്.
സ്വന്തം പിഴവുകളിലൂടെ ഇന്ത്യക്ക് ഫൈനല്‍ തോല്‍ക്കാം. ഇത് നമ്മള്‍ പണ്ട് കണ്ടതാണ്. മികച്ച മൂന്ന് ബാറ്റര്‍മാര്‍ വളരെ പ്രധാനമാണ്. അവര്‍ റണ്‍സ് നേടിയാല്‍ ഓസ്ട്രേലിയക്ക് അവസരമില്ല. എന്നാല്‍ ആദ്യ മൂന്ന് പേരെ പുറത്താക്കാന്‍ ഓസീസിന് കഴിഞ്ഞാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകും. മധ്യനിര എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യുന്നുവെന്ന് കാണുന്നത് രസകരമായിരിക്കും- യുവരാജ് പറഞ്ഞു.
നിലവിലെ ഇന്ത്യന്‍ ടീമിനെ ഓസ്ട്രേലിയയുടെ 2003 ടീമുമായും യുവരാജ് താരതമ്യം ചെയ്തു. 2003ല്‍ ഓസ്ട്രേലിയയില്‍ നിന്ന് കണ്ടതിന് സമാനമായ രീതിയിലാണ് ഇന്ത്യ ക്രിക്കറ്റ് കളിക്കുന്നത്. അവര്‍ പരാജയമറിയാതെയാണ് ഫൈനലില്‍ ഞങ്ങളെ നേരിട്ടത്. ഇപ്പോള്‍ തോല്‍വിയറിയാതെ നില്‍ക്കുന്ന ഇന്ത്യ ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടും. ടൂര്‍ണമെന്റില്‍ ഇന്ത്യ ശക്തമായി തുടരുകയാണ്. ലോകകപ്പ് നേടാനാകുമെന്നാണ് കരുതുന്നതെന്നും യുവി കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ താന്‍ ഏറെ സംതൃപ്തനാണെന്നും യുവി പറഞ്ഞു. രോഹിത് ശര്‍മ്മ ടീമിനായി കളിക്കുന്നു. അവന്‍ മികച്ച നേതാവാണ്. മികച്ച ബോളിംഗ് മാറ്റങ്ങള്‍ അവന്‍ വരുത്തിയിട്ടുണ്ടെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.