ഗ്ലെൻ മാക്സ്വെൽ- ഈ ലോകകപ്പ് അവസാനിച്ച് കഴിയുമ്പോൾ ആരാധകർ വളരെ ശാന്തതയോടെ ഓസ്ട്രേലിയ – അഫ്ഗാനിസ്ഥൻ മത്സരത്തിന്റെ ഹൈലൈറ്റ്സ് കാണണം. അവിടെ എല്ലാം നഷ്ടപ്പെട്ട് ഞെട്ടിക്കുന്ന കൂറ്റൻ തോൽവിയെ മുന്നിൽ കണ്ട ഓസ്‌ട്രേലിയൻ പടയെ ഗ്ലെൻ മാക്സ്വെൽ എന്ന പോരാളി താങ്ങി നിർത്തി ഇന്നിംഗ്സ് ഒന്ന് കാണണം. അപ്പോൾ ക്രിക്കറ് പ്രേമികൾക്ക് ഒരു തിരിച്ചറിവ് കിട്ടും അവർ കണ്ടത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് ആയിരുന്നെന്ന്. ഒരുപക്ഷെ ഗ്ലെൻ മാക്സ്വെൽ എന്ന താരത്തിന് അല്ലാതെ മറ്റൊരാൾക്കും ഇത്തരത്തിൽ ഒരു ഇന്നിംഗ്സ് കളിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാം. 128 പന്തിൽ 201 റൺ നേടി അയാൾ കളിച്ച ഇന്നിംഗ്‌സിനെ ഏത് വാക്കുകൾ കൊണ്ടാണ് വിശേഷിപ്പിക്കാൻ പറ്റുക
98 റൺസ് മാത്രം എടുത്ത് 7 വിക്കറ്റുകൾ നഷ്‌ടമായ ഒരു ടീം ഇത്തരത്തിൽ ഒരു കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ എത്ര റൺസിന് തോറ്റെന്ന് ആയിരിക്കും എല്ലാവരും ചോദിക്കുക. എന്നാൽ ഗ്ലെൻ മാക്സ്വെൽ എന്ന താരത്തിന്റെ ഇന്നിങ്സ് ക്രിക്കറ്റ് പ്രേമികളുടെ കണ്ണ് തുറപ്പിക്കുന്ന ഒന്നായിരുന്നു. താൻ ക്രീസിൽ തുടരുന്നത് വരെ ഒന്നും അവസാനിപ്പിച്ചിട്ടില്ല എന്നയാൾ ലോകത്തിന് കാണിച്ചുകൊടുത്തു. ഈ ലോകകപ്പിൽ അത്ര നല്ല ഫോമിൽ അല്ലാതിരുന്ന താരം ടീമിന് ഏറ്റവും ആവശ്യം ഉള്ളപ്പോൾ അത് കാണിച്ചുകൊടുക്കുന്ന രീതിയിലാണ് അയാൾ കളിച്ചത്.
അഫ്ഗാനിസ്താൻ ഒരുപക്ഷെ അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ക്രിക്കറ്റ് ആയിരുന്നു ഓസ്‌ട്രേലിയയുടെ 7 വിക്കറ്റ് പോകുന്നത് വരെ കാഴ്ചവെച്ചത്. അവർ ഫീൽഡിൽ നല്ല രീതിയിൽ ഉത്സാഹിച്ചു, ബൗണ്ടറികൾ തടഞ്ഞു, അങ്ങനെ വേണ്ടതെല്ലാം ചെയ്തു. എന്നാൽ നൂർ അഹമ്മദിന്റെ ഒരു ഓവറിൽ അവർ വലിയ തെറ്റ് ചെയ്തു. അതുവരെ ഭേദപ്പെട്ട രീതിയിൽ മാത്രം കളിച്ചിരുന്ന മാക്സിയുടെ ക്യാച്ച് മുജീബ് വിട്ടുകളഞ്ഞു . അവിടെ അഫ്ഗാൻ സ്വപ്നത്തിൽ പോലും ഓർത്തില്ല അത് തിരിഞ്ഞ് കടിക്കുമെന്ന്.
പിന്നെ കണ്ടത് ജീവൻ തിരിച്ചുകിട്ടിയ ഒരു മനുഷ്യന്റെ സന്തോഷമാണ്. അയാൾ ഭ്രാന്ത് കയറിയ പോലെ ഉള്ള ആവേശത്തിൽ കാണിച്ചുകൂട്ടിയത് എന്തൊക്കെയാണെന്ന് ആർക്കും തന്നെ ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങളാണ്. സിക്സുകളും ഫോറുകളും മാത്രം ഒഴുകിയ ആ ബാറ്റ് വല്ലപ്പോഴും മാത്രമാണ് വിശ്രമിച്ചത്. സിംഗിളുകളും ഡബിളുകളും തുടക്കത്തിൽ ഉണ്ടായിരുന്നു എങ്കിലും അവസാനം അതും കുറഞ്ഞു. കാലിന് ഇതിനിടയിൽ പരിക്കുപറ്റിയതിനാൽ ഓട്ടം നിർത്തിയ താരം പിന്നെ ബൗണ്ടറികളിലൂടെ മാത്രം റൺ നേടി. അതും പല രീതികളിൽ. ഇരുന്നും, കിടന്നും , നിന്നും എല്ലാം. ആദ്യം കാണിച്ച ആവേശം അഫ്ഗാനിസ്ഥാന് നഷ്ടപ്പെടുകയും ചെയ്തതോടെ കാര്യങ്ങൾ ഒറ്റക്ക് അയാൾ ഓസ്‌ട്രേലിയക്ക് അനുകൂലമാക്കി മാറ്റി. കമ്മിൻസ് എന്ന താരത്തെയും ഇവിടെ സ്മരിക്കണം, അയാൾ കൊടുത്ത പിന്തുണ അത്ര മികച്ചത് ആയിരുന്നു. 68 പന്തിൽ 12 റൺ നേടി അയാൾ കളിച്ചത് സാഹചര്യത്തിന് ആവശ്യമായ പ്രകടനം ആയിരുന്നു
എന്തായാലും ഈ താരത്തെയും കളി ഒറ്റക്ക് തന്റെ പക്കൽ ആക്കാൻ ശ്രമിക്കുന്ന മികവിനെയും പൂർണമായി അംഗീകരിച്ചുകൊണ്ട് പറയാം- ഇതുപോലെ ഒന്ന് ഇപ്പോഴും കാണാൻ സാധിക്കില്ല,അയാൾക്ക് മാത്രം സാധിക്കുന്ന ഒരു സ്പെഷ്യൽ വിരുന്ന്