ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ എത്തിയത് ആരാധകർക്ക് ആവേശമായി . സെമി ഫൈനലിൽ ന്യൂസിലാൻഡിനെ 70 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ 2011 ന് ശേഷം ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് കിവീസിനെ പിടിച്ചുകെട്ടാൻ ഇന്ത്യയ്ക്ക് കരുത്തായത്. ഇന്ത്യ മുന്നോട്ടുവെച്ച 398 റൺസിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറിൽ 327 റൺസിന് അവസാനിച്ചു. ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും മികച്ച സെഞ്ചുറികളുടെ കരുത്തിൽ ആയിരുന്നു. കോഹ്‌ലി 113 പന്തിൽ 117 റൺസ് നേടി .
70 പന്തിൽ 105 റൺ നേടിയ ശേഷമാണ് അയ്യർ പുറത്തായത്. പരിക്ക് കാരണം ഇടക്ക് കളിക്കളം വിട്ട ഗിൽ 66 പന്തിൽ 80 റൺസ് നേടി. ടൂർണമെന്റ് തുടക്കത്തിൽ റൺ നേടാൻ ബുദ്ധിമുട്ടിയ ശ്രേയസ് അയ്യർ മത്സരശേഷം തനിക്ക് ഫോം തിരിച്ചുകിട്ടിയതിനെക്കുറിച്ചും തന്നെ പിന്തുണച്ച ആളെക്കുറിച്ചും സംസാരിച്ച വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
“രോഹിത് ടീമിന്റെ രീതികൾ ആകെ മാറ്റി. അദ്ദേഹത്തെ നൽകുന്ന മികച്ച തുടക്കമാണ് ടീമിന്റെ പ്രകടനത്തിന്റെ അടിത്തറ എന്നൊക്കെ പറയുന്നത്. അവന്റെ ശരീരഭാഷയിൽ നിന്ന് നമുക്ക് മനസിലാകും ജയിക്കാനുള്ള ദേഹത്തിന്റെ ആർജവം എത്രത്തോളം ഉണ്ടെന്ന്.” അയ്യർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
” ക്യാപ്റ്റനിൽ നിന്നും കോച്ചിൽ നിന്നും വരുന്ന പിന്തുണ ഇരു താരത്തിന് വളരെ പ്രധാനമാണ് എനിക്ക് ലോകകപ്പിൽ മികച്ച തുടക്കമൊന്നും കിട്ടിയിരുന്നില്ല. പുറത്തുള്ള ശബ്ദത്തെക്കുറിച്ച് വിഷമിക്കേണ്ടെന്ന് രോഹിത് ഭായ് എന്നോട് പറഞ്ഞു. ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു എന്നും സമ്മർദ്ദത്തിൽ പെടാതെ മനോഹരമായി കളിക്കാനുമുള്ള രോഹിത്തിന്റെ ഉപദേശമാണ് എനിക്ക് കരുത്തായത്. ഞങ്ങളുടെ ബോളർമാർ മികച്ചവരാണ്. അവർ അസാദ്യ പ്രകടനം നടത്തുമ്പോൾ ഞങ്ങൾക്ക് അത് കരുത്താകുന്നു. ലോകത്തിലെ ഏത് ടീമിനെതിരെയും കളിക്കാൻ ഞങ്ങൾക്ക് കരുത്ത് കിട്ടുന്നു.” അയ്യർ പറഞ്ഞു
ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു പതിപ്പിൽ 500 റൺസോ അതിൽ കൂടുതലോ സ്‌കോർ ചെയ്യുന്ന ആദ്യ മധ്യനിര ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് ശ്രേയസ് അയ്യർ ബുധനാഴ്ച സ്വന്തമാക്കി. ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം സെഞ്ചുറിയോടെ, ശ്രേയസ് നിരവധി റെക്കോർഡുകൾ തകർത്തു, ഏകദിന ക്രിക്കറ്റിൽ തന്റെ മികച്ച ഫോം തുടർന്നു.
ഇന്നലെ നടന്ന സെമി മത്സരത്തിൽ 70 പന്തിൽ 105 റൺസാണ് താരം അടിച്ചുകൂട്ടിയത്. നാല് ബൗണ്ടറികളും എട്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. 150 സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹം തന്റെ റൺസ് അടിച്ചുകൂട്ടിയത്. ഈ ടൂർണമെന്റിൽ ഇതുവരെ, 75.14 ശരാശരിയിലും 113-ലധികം സ്‌ട്രൈക്ക് റേറ്റിലും 526 റൺസ് അയ്യർ അടിച്ചുകൂട്ടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.