ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയില്‍നിന്നും ജയം പിടിച്ചുവാങ്ങുന്ന പാകിസ്ഥാനെയാണ് കാണാനായത്. 345 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാനെ അബ്ദുള്ള ഷഫീഖിന്റെയും (113) മുഹമ്മദ് റിസ്വാന്റെയും (131*) കിടിലന്‍ സെഞ്ച്വറികള്‍ അവിശ്വസനീയമെന്നു കരുതിയ ടോട്ടല്‍ ചേസ് ചെയ്യാന്‍ സഹായിച്ചത്.
ബാറ്റിംഗിനിടെ പലപ്പോഴും റിസ്വാന്‍ പേശിവലിവ് മൂലം ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. വേദനകൊണ്ട് താരം ഗ്രൗണ്ടില്‍ വീണ് പുളയുന്നതും കാണാനായി. എന്നിരുന്നാലും താരത്തിന്റെ ബാറ്റില്‍നിന്നും റണ്‍സുകള്‍ ഒഴുകിക്കൊണ്ടേയിരുന്നു. പരിക്കേറ്റ് വീണ് പുളഞ്ഞിട്ടും താരം അനായാസം എങ്ങനെ സിംഗിളും ഡബിളുമെല്ലാം അനായാസം ഓടിയെടുത്തു എന്നത് താരത്തിന്റെ പരിക്കിന്റെ കാര്യത്തില്‍ സംശയം ഉയര്‍ത്തി. മത്സരത്തിന് ശേഷമുള്ള താരത്തിന്റെ പ്രതികരണവും ഈ സംശയത്തിന് ആക്കം കൂട്ടി.
മത്സരശേഷം കമന്റേറ്റര്‍മാര്‍ പരിക്കിനെക്കുറിച്ചു ചോദിച്ചപ്പോല്‍ രസകരമായ മറുപടിയായിരുന്നു റിസ്വാന്‍ നല്‍കിയത്. ചില സമയങ്ങളില്‍ തനിക്കു പേശീവലിവ് ഉണ്ടായിരുന്നുവെന്നും ചിലപ്പോള്‍ താന്‍ അങ്ങനെ അഭിനയിക്കുക ആയിരുന്നുവെന്നുമായിരുന്നു ചിരിയോടെയുള്ള റിസ്വാന്റെ പ്രതികരണം.
റിസ്വാന്റെ ഈ മറുപടിക്കു പിന്നാലെ ആരാധകരില്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചു. ഫവാദ് ഖാനേക്കാള്‍ നല്ല നടനാണ് മുഹമ്മദ് റിസ്വാനെന്നും ഈ അഭിനയത്തിന് താരത്തിന് ഓസ്‌കര്‍ കൊടുക്കണമെന്നും ആരാധകര്‍ പരിഹസിച്ചു.