ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിനു മുമ്പ് ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ താന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തുമെന്ന് താരം വെല്ലുവിളിച്ചു.
നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തി തിരിച്ചുപോവുന്നതിനിടെയായിരുന്നു ഇന്ത്യന്‍ ടീമിനു ഷഹീന്റെ മുന്നറിയിപ്പ്. ഗ്രൗണ്ടു പുറത്തു നില്‍ക്കുകയായിരുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ഷഹീനോടു ഒരു സെല്‍ഫിക്കായി അഭ്യര്‍ഥിക്കുകയായിരുന്നു. തീര്‍ച്ചയായും സെല്‍ഫിയെടുക്കാം, പക്ഷെ ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റുകളെടുത്ത ശേഷമാവാമെന്നായിരുന്നു ഷഹീന്റെ മറുപടി.
ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനായി ഇരുടീമിന്റെയും താരങ്ങള്‍ അഹമ്മദാബാദിലെത്തി. ഇരുടീമുകളും മൂന്നാം ജയം മുന്നില്‍ കണ്ടാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ വ്യത്യസ്തമായ ടീം കോമ്പിനേഷനുകളായിരുന്നു പരീക്ഷിച്ചത്. ചെപ്പോക്കിലെ ആദ്യ കളില്‍ സ്പിന്‍ ബോളിംഗിനു മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. എന്നാല്‍ അഫ്ഗാനെതിരേ പേസ് ബോളിംഗിനു പ്രാധാന്യമുള്ളതായിരുന്നു ഇന്ത്യന്‍ ഇലവന്‍.
പാകിസ്ഥാനെതിരേ ഇന്ത്യ വീണ്ടും പ്ലെയിംഗ് ഇലവനില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ്. യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ മടങ്ങിവരവിനു വേണ്ടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്.