മാക്‌സ്‌വെല്ലിന്റെ കൈകാലുകള്‍ അഫ്ഗാനികള്‍ അരിഞ്ഞ് വീഴ്ത്തിയതാണ്, അയാളെ വാംഖഡേയില്‍ കുഴിച്ചുമൂടിയതാണ്, പക്ഷേ ഉയര്‍ന്നുവരാനുള്ള ശേഷി അവനില്‍ ബാക്കിയുണ്ടായിരുന്നു

ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം മുംബൈയില്‍ പുരോഗമിക്കുകയായിരുന്നു. കംഗാരുപ്പടയ്ക്ക് ജയിക്കാന്‍ 58 പന്തുകളി ല്‍ നിന്ന് 55 റണ്ണുകള്‍ ആവശ്യമായിരുന്നു. ഒരു റണ്ണിന് വേണ്ടി ഓടിയ ഗ്ലെന്‍ മാക്‌സ്വെല്‍ പേശീവലിവ് മൂലം ഗ്രൗണ്ടില്‍ വിറങ്ങലിച്ച് വീണു! ഷോക്കേറ്റത് പോലെ അയാള്‍ കിടന്ന് പിടയുകയായിരുന്നു!

ടീം ഫിസിയോ പാഞ്ഞെത്തി. അമ്പയര്‍മാര്‍ പോലും മാക്‌സിയെ പരിചരിക്കാന്‍ ശ്രമിച്ചു. അയാളുടെ നില അത്രമേല്‍ ഗുരുതരമായിരുന്നു. മാക്‌സി റിട്ടയേഡ് ഹര്‍ട്ട് ആകുമെന്ന് സകലരും ഉറപ്പിച്ചു. പകരം ബാറ്റിങ്ങിനിറങ്ങുന്നതിന് വേണ്ടി ആദം സാമ്പ പാഞ്ഞെത്തി. പതിയെ എഴുന്നേറ്റുനിന്ന മാക്‌സി സാമ്പയോട് പറഞ്ഞു- ”നീ മടങ്ങിപ്പൊയ്‌ക്കോളൂ. ഇത് ഞാന്‍ നോക്കിക്കോളാം.!”

മാക്‌സി അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണെന്ന് എല്ലാവരും വിചാരിച്ചു. ഒരടി പോലും അനങ്ങാനുള്ള ആരോഗ്യം അയാളില്‍ അവശേഷിച്ചിരുന്നില്ല. മാക്‌സിയുടെ ശരീരത്തിലെ മുഴുവന്‍ പേശികളും തളര്‍ന്നിരുന്നു. ഒരു ബാറ്ററുടെ ജീവനാഡിയായ ഫുട് വര്‍ക്കും അയാളെ കൈയ്യൊഴിഞ്ഞിരുന്നു. മാക്‌സിയുടെ കൈവശം രണ്ടേ രണ്ട് ആയുധങ്ങളേ അവശേഷിച്ചിരുന്നുള്ളൂ-വലത് കൈയ്യില്‍ ഒരു വില്ലോ. പിന്നെ ആകാശം ഇടിഞ്ഞുവീണാലും തളരാത്ത ഒരു മനസ്സും!

ഡേവിഡ് വാര്‍ണറെയും ജോഷ് ഇംഗ്ലിസിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ അസ്മത്തുള്ള പന്തെറിയാനെത്തി. ലോങ്ങ്-ഓണില്‍ ഫീല്‍ഡറും ഉണ്ടായിരുന്നു. പക്ഷേ മാക്‌സി എന്നിട്ടും ലോങ്ങ്-ഓണിലൂടെ ബൗണ്ടറിയടിച്ചു! അതോടെ അയാളുടെ വ്യക്തിഗത സ്‌കോര്‍ 150 പിന്നിടുകയും ചെയ്തു.

അഫ്ഗാനിസ്ഥാന്റെ വിജയത്തിന് സാക്ഷികളാവുന്നതിന് വേണ്ടി ടിക്കറ്റെടുത്ത വാംഖഡേയിലെ പതിനായിരക്കണക്കിന് കാണികള്‍ മാക്‌സിയ്ക്ക് വേണ്ടി കയ്യടിക്കാന്‍ തുടങ്ങി. ടെലിവിഷനില്‍ കളി കണ്ടുകൊണ്ടിരുന്ന ബഹുഭൂരിപക്ഷം മനുഷ്യരും മാക്‌സി ജയിക്കണമെന്ന് ആഗ്രഹിച്ചു. അഫ്ഗാനികളോടുള്ള അടങ്ങാത്ത സ്‌നേഹം എല്ലാവരും മറന്നു! അത്രയുമായിരുന്നു മാക്‌സിയുടെ പോരാട്ടത്തിന്റെ മഹത്വം!

ബോളിവുഡ് സിനിമകളില്‍ പോലും കാണാന്‍ സാധിക്കാത്ത കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്!
മാക്‌സി ഒരു പ്രതിമയെപ്പോലെ നില്‍ക്കുന്നു. അയാളുടെ കൈകള്‍ മാത്രം ചെറുതായി ചലിക്കുന്നു. ആ സമയത്ത് റിവേഴ്‌സ് ഫ്‌ലിക്കുകള്‍ സിക്‌സറുകളായി മാറുന്നു! അതിനിടയില്‍ മാക്‌സി നടന്ന് റണ്‍ നേടുന്നു!

അഫ്ഗാന്റെ സ്പിന്നറായ മുജീബിന് ഇരുപത് വിരലുകളുണ്ടെന്ന് ഹര്‍ഷ ഭോഗ്ലെ ആലങ്കാരികമായി പറഞ്ഞിട്ടുണ്ട്. അത്രയേറെ ട്രിക്കുകളാണ് അയാളുടെ പക്കലുള്ളത്. അങ്ങനെയുള്ള മുജീബിനെ നാല് തവണ ഗാലറിയിലേയ്ക്ക് പറത്തിയാണ് മാക്‌സി കംഗാരുക്കളുടെ ജയം പൂര്‍ത്തിയാക്കിയത്!
റിക്കി പോണ്ടിങ്ങ് കമന്ററി ബോക്‌സിലൂടെ പറഞ്ഞു- ”ഞാന്‍ ഒരുപാട് ക്രിക്കറ്റ് കളിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഇതുപോലൊരു ഇന്നിംഗ്‌സ് എന്റെ ഓര്‍മ്മയില്‍ ഇല്ല.!”

മിച്ചല്‍ സ്റ്റാര്‍ക്ക് ഔട്ടാവുമ്പോള്‍ ഓസീസിന്റെ പേരില്‍ 91 റണ്ണുകളേ ഉണ്ടായിരുന്നുള്ളൂ. ജയിക്കാന്‍ 201 റണ്‍സ് വേണ്ടിയിരുന്നു. അവശേഷിച്ചിരുന്നത് മൂന്ന് വാലറ്റക്കാരുടെ വിക്കറ്റുകള്‍ മാത്രം.
റഷീദ് ഖാനും മുജീബ് റഹ്‌മാനും നൂര്‍ അഹമ്മദും നവീന്‍ ഉല്‍ ഹഖും മൊഹമ്മദ് നബിയും അടങ്ങിയ അഫ്ഗാന്‍ ആക്രമണം അതിശക്തമായിരുന്നു. പേസര്‍മാര്‍ക്ക് മൂവ്‌മെന്റ് ലഭിക്കുന്നുണ്ടായിരുന്നു. സ്പിന്നര്‍മാരെ പിച്ചിന്റെ സ്ലോനെസ് സഹായിച്ചിരുന്നു. എന്നിട്ടും മാക്‌സി ജയം പിടിച്ചുവാങ്ങി!

ഇതുപോലൊരു പ്രകടനം പോണ്ടിങ്ങ് മാത്രമല്ല ; നമ്മളാരും തന്നെ കണ്ടിട്ടില്ല ഇതിന് തുല്യമായ ഒരു വെടിക്കെട്ട് ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല. ഹെഡ് ഇഞ്ച്വറി മൂലം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ആളാണ് മാക്‌സി എന്ന കാര്യം മറക്കരുത്. പരിക്ക് ഭേദമായതിനുശേഷം അയാള്‍ നേരെ പോയത് പരിശീലനത്തിനാണ്. രണ്ട് ലെഗ്‌സ്പിന്നര്‍മാരും ഒരു ചൈനാമെന്‍ ബോളറും ഒരു ലെഫ്റ്റ് ആം ഫിംഗര്‍ സ്പിന്നറും നെറ്റ്‌സില്‍ മാക്‌സിയെ കാത്തിരിക്കുന്നുണ്ടായിരുന്നു!
അഫ്ഗാനികളുടെ മാരകമായ സ്പിന്‍ ആക്രമണത്തെ നേരിടാനുള്ള സകല തയ്യാറെടുപ്പുകളും നടത്തിയിട്ടാണ് മാക്‌സി വന്നത് എന്ന് സാരം. ആ കഠിനാദ്ധ്വാനത്തിനുള്ള പ്രതിഫലമാണ് അയാള്‍ക്ക് ലഭിച്ചത്!

ഇതുപോലൊരു ഇന്നിങ്‌സ് കളിച്ചാല്‍ എന്ത് പൊങ്ങച്ചം വേണമെങ്കിലും പറയാം. ആരും ചോദ്യം ചെയ്യില്ല. എന്നാല്‍ മാക്‌സി പറഞ്ഞത് നോക്കൂ- ”എനിക്ക് ഒന്നിലേറെ തവണ ജീവന്‍ കിട്ടി. അഫ്ഗാന്‍ എന്റെ ക്യാച്ചുകള്‍ പാഴാക്കി. എന്നെ ഭാഗ്യം നല്ലതുപോലെ കടാക്ഷിച്ചു.!” സല്യൂട്ട് ഡിയര്‍ മാക്‌സി. ഇങ്ങനെ കളിക്കാനും ഇതുപോലെ സംസാരിക്കാനും ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ മാത്രമേയുള്ളൂ.!

ഹാരി ഹൂഡിനി എന്നൊരു മാന്ത്രികന്റെ കഥ വായിച്ചിട്ടുണ്ട്. അടച്ചുപൂട്ടിയ പെട്ടിയില്‍ നിന്ന് രക്ഷപ്പെടുന്ന കലയിലെ വിദഗ്ദനായിരുന്നു ഹൂഡിനി. കൈകാലുകള്‍ ബലമേറിയ ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് ഹൂഡിനിയെ പെട്ടിയില്‍ അടയ്ക്കുമായിരുന്നു. തലകീഴായിട്ടാണ് അയാളെ പെട്ടിയില്‍ കിടത്താറുള്ളത്. പെട്ടിയും ബലമുള്ള താഴുകൊണ്ട് പൂട്ടിയിട്ടുണ്ടാവും. എന്നിട്ട് ഹൂഡിനിയെ നദിയില്‍ തള്ളും!

ഏതാനും നിമിഷങ്ങള്‍ക്കകം ഹൂഡിനി ജലത്തില്‍ നിന്ന് ഉയര്‍ന്നുവരും! കാണികള്‍ ഹര്‍ഷാരവം മുഴക്കും. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ കൈകാലുകള്‍ അഫ്ഗാനികള്‍ അരിഞ്ഞ് വീഴ്ത്തിയതാണ്. അയാളെ വാംഖഡേയില്‍ കുഴിച്ചുമൂടിയതാണ്. പക്ഷേ ഉയര്‍ന്നുവരാനുള്ള ശേഷി മാക്‌സിയില്‍ ബാക്കിയുണ്ടായിരുന്നു! മാക്‌സിയ്ക്ക് മജീഷ്യന്റെ രൂപഭാവങ്ങളായിരുന്നു! അയാള്‍ക്ക് ഹൂഡിനിയുടെ മുഖമായിരുന്നു! മറ്റൊരു പ്ലാനറ്റില്‍ നിന്ന് വന്നത് പോലെയായിരുന്നു!
സ്വയം നുള്ളിനോക്കിയിട്ട് നാം പരസ്പരം ചോദിക്കേണ്ടിവരും- ”ഇത് ശരിക്കും സംഭവിച്ചതാണോ? അതോ നാം സ്വപ്നം കണ്ടതാണോ?’

Latest Stories

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ