ഏകദിന ലോകകപ്പില്‍ സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ന്യൂസിലന്‍ഡ് തന്നെ. ന്യൂസിലന്‍ഡിന് എതിരാളികളായി നിന്നിരുന്ന പാകിസ്ഥാന്റെ പുറത്താകല്‍ ഉറപ്പായതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്താല്‍ മാത്രമായിരുന്നു പാകിസ്ഥാന് തെല്ലേലും സെമി സാധ്യത ഉണ്ടായിരുന്നത്. എന്നാല്‍ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ഫീല്‍ഡിംഗിന് അയച്ചു. ഇത് പാകിസ്ഥാന്റെ സെമി മോഹങ്ങള്‍ക്ക് തിരിച്ചടിയായി.
കളിച്ച് എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ജയിച്ചാല്‍ ന്യൂസിലന്‍ഡുമായി 10 പോയിന്റുമായി സമനില പിടിക്കും. എന്നിരുന്നാലും, അവര്‍ക്ക് ഒരു വലിയ നെറ്റ് റണ്‍ റേറ്റ് (NRR) പോരായ്മയുണ്ട്. പാകിസ്ഥാന്റെ NRR നിലവില്‍ 0.036 ആണ്, അതേസമയം ശ്രീലങ്കയ്‌ക്കെതിരായ വിജയത്തോടെ ന്യൂസിലന്‍ഡിന്റെ NRR 0.743 ആയി ഉയര്‍ന്നു.
സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് പാകിസ്ഥാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതത്തിനായി കളിക്കുക എന്നതാകും ഉത്തരം. അത് ഇങ്ങനെ..
1. ആദ്യം ബാറ്റിംഗ് ആണെങ്കില്‍
പാകിസ്ഥാന്‍ 300 റണ്‍സ് നേടിയാല്‍ – അവര്‍ക്ക് ഇംഗ്ലണ്ടിനെ ഏകദേശം 287 റണ്‍സിന് തോല്‍പ്പിക്കേണ്ടതുണ്ട്, അതായത് ഇംഗ്ലണ്ടിനെ 13 റണ്‍സിന് പുറത്താക്കുക!
പാകിസ്ഥാന്‍ 400 റണ്‍സ് നേടിയാല്‍ – ഇംഗ്ലണ്ടിനെ ഏകദേശം 300 റണ്‍സിന് തോല്‍പ്പിക്കണം. അതായത്, ഇംഗ്ലണ്ടിനെ 100 റണ്‍സിന് താഴെ പുറത്താക്കിയാല്‍ പാകിസ്ഥാന് യോഗ്യത നേടാനുള്ള അവസരമുണ്ടാകും.
പാകിസ്ഥാന്‍ 500 റണ്‍സ് നേടിയാല്‍ – ഇംഗ്ലണ്ടിനെ ഏകദേശം 390 റണ്‍സിന് തോല്‍പ്പിക്കണം. അതായത് ഏകദേശം 110 റണ്‍സിന് ഇംഗ്ലണ്ട് പുറത്താകണം.
2. ആദ്യം ബോളിംഗ് ആണെങ്കില്‍
ആദ്യം ബാറ്റ് ചെയ്യുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യുക എന്നതാണ് പാകിസ്ഥാന്റെ ഏക പ്രതീക്ഷ, കാരണം അവര്‍ ആദ്യം ബോള്‍ ചെയ്താല്‍, കളിക്കാതെ തന്നെ പുറത്താകല്‍ ഉറപ്പിക്കാം.
ഇംഗ്ലണ്ട് 100 റണ്‍സില്‍ താഴെ സ്‌കോര്‍ ചെയ്താല്‍ – പാകിസ്ഥാന്‍ ഏകദേശം 2.3 ഓവറില്‍ അത് പിന്തുടരേണ്ടതുണ്ട്.