ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണില്ലെന്ന് ഉറപ്പായതിന് പിന്നാലെ ഇന്ത്യയെ വിമര്‍ശിച്ച് പാക് മുന്‍ താരം അബ്ദുല്‍ റസാഖ്. ടൂര്‍ണമെന്റിലെ പാകിസ്ഥാന്റെ തകര്‍ച്ചക്ക് കാരണം ഇന്ത്യ സ്വാതന്ത്രം നല്‍കാത്തതാണെന്നാണ് റസാഖ് ആരോപിച്ചു.
ഇന്ത്യയില്‍ പാകിസ്ഥാന്‍ ടീമിന് സ്വാതന്ത്ര്യമില്ല. ഹോട്ടലില്‍ നിന്ന് പുറത്തുപോകാനോ ആസ്വദിക്കാനോ ഉള്ള സൗകര്യങ്ങള്‍ ലഭിക്കുന്നില്ല. ഇന്ത്യയില്‍ പാക് താരങ്ങള്‍ക്ക് കനത്ത സുരക്ഷയാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഹോട്ടല്‍വിട്ട് പുറത്തുപോകാന്‍ താരങ്ങള്‍ക്കാവുന്നില്ല.
താരങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. ഒരുപാട് നിയന്ത്രണങ്ങളുണ്ടെങ്കില്‍ താരങ്ങള്‍ക്ക് മികച്ച മാനസിക നില കൈവരിക്കാനോ മികച്ച പ്രകടനം നടത്താനോ സാധിക്കില്ല- റസാഖ് പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരേ ന്യൂസീലന്‍ഡ് അഞ്ച് വിക്കറ്റിന് ജയിച്ചതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 23.2 ഓവറില്‍ മറികടന്ന് ജയിച്ചാലോ 275 റണ്‍സിന് തോല്‍പ്പിച്ചാലോ മാത്രമെ പാകിസ്താന് സെമിയിലെത്താനാവൂ.