ഏകദിന ലോകകപ്പ്: ചരിത്ര നേട്ടത്തില്‍ രോഹിത്, മുമ്പ് ഇതിന് സാധിച്ചത് ഒരു ക്യാപ്റ്റന് മാത്രം!

ഏകദിന ലോകകപ്പില്‍ അജയ്യരായ കിവീസിനെയും തോല്‍പ്പിച്ച് മുന്നേറ്റം കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഞായറാഴ്ച ധരംശാലയില്‍നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത്. ഈ ജയത്തിലൂടെ മറ്റൊരു ഇന്ത്യന്‍ നായകനും ഇല്ലാത്ത റെക്കോഡില്‍ രോഹിത് ശര്‍മ്മ എത്തി.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരേ ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയെയും ന്യൂസിലാന്‍ഡിനെയും പരാജയപ്പെടുത്തിയ ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. നേരത്തേ ഒരേയൊരു ക്യാപ്റ്റനു മാത്രമേ ഈ അപൂര്‍വ്വ നേട്ടം കുറിക്കാനായിട്ടുള്ളൂ.

ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനു മാത്രമാണ് രോഹിത്തിനു മുമ്പ് ഇത് സാധിച്ചത്. 2019ലെ കഴിഞ്ഞ ലോകകപ്പിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഇപ്പോള്‍ രോഹിത്തും മോര്‍ഗനൊപ്പം ആ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്.

Read more

20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ നേടുന്ന ജയം കൂടിയാണിത്. 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ന്യൂസിലാന്‍ഡിനെ വീഴ്ത്താന്‍ ഇന്ത്യക്കായിരുന്നില്ല.