ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് എത്തുമ്പോള്‍ പാകിസ്ഥാന് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടി പാക് സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. 11 വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കളിക്കാനെത്തുന്നതെങ്കിലും അനുഭവസമ്പത്ത് കുറവാണ് എന്നതിനേക്കാള്‍ ഇന്ത്യയിലെ ആരാധകരെ നേരിടുകയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഷദാബ് ഖാന്‍ പറഞ്ഞു.
സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു ടീമിന്റെയും സ്വപ്നമാണ്. ഇന്ത്യയില്‍ ലോകകപ്പ് കളിക്കുമ്പോള്‍ ആരാധക പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇത് മനസിലാക്കി മാനസികമായി ശക്തരായിരിക്കാനാണ് ശ്രമിക്കേണ്ടത്. പാക് താരങ്ങളെല്ലാം മാനസികമായി ശക്തരാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ മികച്ചൊരു ടൂര്‍ണമെന്റാണ് പ്രതീക്ഷിക്കുന്നത്- ഷദാബ് ഖാന്‍ പറഞ്ഞു.
ഒക്ടോബര്‍ 5നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. അവസാന ലോകകപ്പ് ഫൈനലിനെ ഓര്‍മ്മപ്പെടുത്തി ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 14 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാക് പോരാട്ടം.
അതേസമയം, ടൂര്‍ണമെന്റിനുള്ള തങ്ങളുടെ സ്‌ക്വാഡിനെ പാകിസ്ഥാന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ബാബര്‍ അസമിനെ നായകനാക്കി 17 അംഗ സ്‌ക്വാഡിനെയാണ് പുതിയ ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ് പ്രഖ്യാപിച്ചത്.
അബ്ദുള്ള ഷഫീഖ്, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ് എന്നിവരാണ് സ്‌ക്വാഡിലുള്ള സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍. മധ്യനിര ബാറ്റര്‍മാരായി നായകന്‍ ബാബര്‍ അസമിന് പുറമെ സല്‍മാന്‍ അലി അഗ, ഇഫ്തീഖര്‍ അഹമ്മദ്, തയ്യബ് താഹിര്‍, സൗദ് ഷക്കീല്‍(അഫ്ഗാന്‍ പരമ്പരയില്‍ മാത്രം) എന്നിവരാണുള്ളത്. മുഹമ്മദ് റിസ്വാനും മുഹമ്മദ് ഹാരിസുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.
വൈസ് ക്യാപ്റ്റന്‍ കൂടിയായ ഷദാബ് ഖാന് പുറമെ മുഹമ്മദ് നവാസും ഉസാമ മിറുമാണ് സ്പിന്നര്‍മാര്‍. ഫഹീം അഷ്‌റഫാണ് ടീമിലെ ഏക പേസ് ഓള്‍റൗണ്ടര്‍. ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍.