ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ വരുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ ഭാവി എന്തെന്ന് പ്രവചിച്ചിരിക്കുകയാണ് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍. ഇന്ത്യ ന്യൂസിലന്‍ഡിനെ സെമിയില്‍ തോല്‍പ്പിക്കുകയും ഫൈനലും ജയിച്ച് ലോകകപ്പ് നേടുകയും ചെയ്യുമെന്നാണ് ഹെയ്ഡന്റെ വിലയിരുത്തല്‍.
2003ലും 2007ലും ഓസ്ട്രേലിയ നടത്തിയ വിജയക്കുതിപ്പ് പോലെയാണ് ഇത്തവണ ഇന്ത്യയുടെ പ്രകടനം. നാല് ശക്തരായ കുതിരകളുടെ ഓട്ടം മത്സരമാണ് നടക്കാന്‍ പോകുന്നത്. ഇതില്‍ പ്രതിഭയും തട്ടകത്തിന്റെ ആനുകൂല്യവും ഫീല്‍ഡിങ്ങും വിലയിരുത്തുമ്പോള്‍ ഇന്ത്യക്കാണ് വ്യക്തമായ മുന്‍തൂക്കമുള്ളത്. മൂന്ന് മേഖലയിലും ശക്തമായ നിരയാണ് ഇന്ത്യയുടേത്. ഇന്ത്യ ഇത്തവണ കപ്പിലേക്കെത്താതിരിക്കാന്‍ യാതൊരു കാരണവുമില്ല- ഹെയ്ഡന്‍ പറഞ്ഞു.
ലീഗ് ഘട്ടത്തില്‍ ഒമ്പത് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ടാവും.
നെറ്റ് റണ്‍റേറ്റില്‍ പാകിസ്ഥാനെ മറികടന്ന് നാലാം സ്ഥാനക്കാരായാണ് കിവീസ് സെമിയില്‍ കടന്നിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ നേര്‍ക്കുനേര്‍ കണക്കിന്റെ ആത്മവിശ്വാസം ന്യൂസിലന്‍ഡിനുണ്ട്.