പാകിസ്ഥാന് ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീം ലോകകപ്പ് ക്രിക്കറ്റില്‍ ഏഴ് കളികളില്‍ മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്. ഇതോടെ അവരുടെ സെമി പ്രതീക്ഷകളും ഏകദേശം അവസാനിച്ച മട്ടിലായി. എന്നാല്‍ ദക്ഷിണാഫിക്കയോട് ന്യൂസീലന്‍ഡ് തോറ്റതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
ന്യൂസീലന്‍ഡ് അടുത്ത രണ്ട് മത്സരം തോല്‍ക്കുകയും പാകിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ പാകിസ്ഥാന് സെമി കളിക്കാനായേക്കും. ഇപ്പോഴിതാ ഇന്ത്യ-പാകിസ്ഥാന്‍ സെമി ഫൈനല്‍ കൊല്‍ക്കത്തയില്‍ കാണാന്‍ സാധിച്ചേക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.
എക്‌സിലൂടെയായിരുന്നു മൈക്കല്‍ വോണിന്റെ പ്രതികരണം. ‘ഇന്ത്യ-പാകിസ്ഥാന്‍ സെമി കൊല്‍ക്കത്തയില്‍. ആരെങ്കിലും..’ എന്നാണ് ഒരു രസികന്‍ ഇമോജിയോടൊപ്പം മൈക്കല്‍ വോണ്‍ എക്‌സില്‍ കുറിച്ചത്. ഇതിന്റെ വാലുപിടിച്ച് പാക് ഇതിഹാസ പേസര്‍ ഷുഐബ് അക്തറും രംഗത്തുവന്നു.
ഇതിന് മുമ്പും പാകിസ്ഥാനെ ഇത്തരം കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നാണ് അക്തര്‍ പ്രതികരിച്ചത്. എന്തൊക്കെയായാലും പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ അതൊരു വലിയ കാര്യം തന്നെയാകും. എത്തിയില്ലെങ്കില്‍ വലിയ കോലാഹലങ്ങള്‍ക്കാകും പാകിസ്ഥാന്‍ ക്രിക്കറ്റ് വേദിയാവുക.