ഏകദിന ലോകകപ്പ്: 'നമുക്ക് അമ്പത് ഓവറുകള്‍ ഉണ്ട്, ഈ അമ്പത് ഓവറുകളില്‍ അവരെ നരകം എന്താണെന്ന് കാണിക്കണം.'

ആസന്നമായ ഏതോ വിപത്തിന്റെ ദൃഷ്ടാന്തമെന്നോണം, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ ദുശകുനങ്ങളുടെ പെരുമ്പറ മുഴങ്ങി. ഹെഡ്ഡന്‍ താഴ്വരയില്‍ വെള്ളിടികള്‍ വെട്ടി, ഒലിവ് മരങ്ങള്‍ കടപുഴകി വീണു. ആഭിചാരക്കാരിയായ ഒരു ദുര്‍മന്ത്രവാദിനിയെപ്പോലെ തെംസ് നദി കരകവിഞ്ഞൊഴുകി. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഗാഢനിദ്രയിലാണ്ടു പോയ മൈക്കിള്‍ വോണ്‍, ‘വസീം ജാഫര്‍ ഹാസ് മെന്‍ഷന്‍ഡ് യൂ ഇന്‍ എ ട്വീറ്റ് ‘, എന്ന നോട്ടിഫിക്കേഷന്‍ സ്വപ്നം കണ്ട് ഞെട്ടി യുണര്‍ന്നു.

ലണ്ടനില്‍ നിന്നും അയ്യായിരം മൈലുകള്‍ക്കപ്പുറം ഈഡനില്‍, ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ കിംഗ് ബാബര്‍, ബാറ്റിങ് തിരഞ്ഞെടുത്തു. ബാറ്റിംങ്ങിനിറങ്ങും മുന്‍പ്, പത്ത് പച്ചകുപ്പായക്കാരെയും അടുത്ത് ചേര്‍ത്തു നിര്‍ത്തി, കിംഗ് ബാബര്‍ ഇന്ത്യന്‍ കോപ്പി റൈറ്റുള്ള ഒരു ഡയലോഗ് പറഞ്ഞു കൊണ്ട് മോട്ടിവേഷന്‍ സ്പീച്ചു നടത്തി, ‘ഏതു ഭീരുവിനും ധീരനാകാനൊരു ദിവസം വരും, ധീരതയോടെ പോരുതുക ‘ ഈഡന്റെ ആകാശത്തിന് കുറുകെ വെളുത്ത തുകല്‍ പന്ത് പലകുറി പാറി പറന്നു. അമ്പതോവര്‍ അവസാനിക്കുമ്പോള്‍ പാകിസ്താന്റെ സ്‌കോര്‍ ബോര്‍ഡ് ഇങ്ങനെ വായിക്കപ്പെട്ടു.
പാക് : 463/3
ഇഫ്തിക്കര്‍ അഹമ്മദ് : 175*(95)
ബാബര്‍ ആസാം : 122 (91)
ഫക്കര്‍ സമാന്‍ : 101 (71)

ഇംഗ്ലണ്ട് ബാറ്റിംഗിന് ഇറങ്ങും മുമ്പ്, കിംഗ് ബാബര്‍ ഒരിക്കല്‍ കൂടി ആ പത്തുപേരെയും ഒരുമിച്ച് നിര്‍ത്തി ഇന്ത്യന്‍ കോപ്പിറൈറ്റുള്ള മറ്റൊരു ഡയലോഗ് പറഞ്ഞ് ഒരു മോട്ടിവേഷന്‍ സ്പീച്ചു കൂടി കൊടുത്തു. ‘നമുക്ക് അമ്പത് ഓവറുകള്‍ ഉണ്ട്. ഈ അമ്പത് ഓവറുകളില്‍ അവരെ നരകം എന്താണെന്ന് കാണിക്കണം.’ ക്യാപ്റ്റന്റെ അജ്ഞ ശിരസ്സാല്‍ വഹിച്ച തീയുണ്ടകള്‍, ഷഹീനും, റൗഫും, ചൈനീസ് ഐതിഹ്യങ്ങളിലെ ഡ്രാഗണുകളെപ്പോലെ ഇംഗ്ലീഷ് ബാറ്റര്‍ മാര്‍ക്കുമേല്‍ തീതുപ്പിയപ്പോള്‍, സ്റ്റമ്പുകള്‍ തകരുന്ന ശബ്ദം ഈഡനെയാകെ പ്രകമ്പനം കൊള്ളിച്ചു. പതിനഞ്ചു ഓവറുകള്‍ കൊണ്ട് ഇംഗ്ലണ്ട് എരിഞ്ഞടങ്ങിയപ്പോള്‍, ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡ് ഇങ്ങനെ വായിക്കപ്പെട്ടു.
ഇംഗ്ലണ്ട് 49/10 (14.4 overs)
ഷഹീന്‍ അഫ്രീഡി : 5/11
ഹരീഷ് റൗഫ് : 4/16
ഇഫ്തിക്കര്‍ അഹമ്മദ് : 1/0

417 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെ, റണ്‍റേറ്റില്‍ ന്യൂസ്
ലാന്റിനെ മറികടന്ന് പാകിസ്ഥാന്‍ സെമിയിലേക്ക്. എവിടെയോ ഇരുന്ന്, കുശാല്‍ മെന്‍ഡിസ്, ഇംഗ്ലണ്ടിനെ ട്രോളി ട്വീറ്റ് ചെയ്തു, ‘അമ്പത് കടക്കാത്ത ചാമ്പ്യന്‍മാര്‍’, 175 റണ്‍സും, ബെന്‍സ്റ്റോക്‌സിന്റെ വിക്കറ്റും നേടി മാന്‍ ഓഫ് ദി മാച്ച് ആയ ഇഫ്തിക്കര്‍ അഹമ്മദ്, പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഇപ്രകാരം പറഞ്ഞു തുടങ്ങി..
‘മൈ ലൈഫ് ബിറ്റ്വീന്‍
22 യാഡ്‌സ്…’

‘ഏട്ടായി കോഫി’, പെഷവാറിലെ തന്റെ വീട്ടില്‍ കൂര്‍ക്കം വലിച്ചുറങ്ങികിടന്നിരുന്ന ഇഫ്തിക്കര്‍ ബാബ, കെട്ടിയവള്‍ ഹന്നാമ്മയുടെ വിളികേട്ട് ഞെട്ടിയുണര്‍ന്നപ്പോഴാണ് എല്ലാം സ്വപ്നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഹന്നാമ്മയുടെ ബെഡ് കോഫീ കുടിക്കുമ്പോള്‍, ഇംഗ്ലണ്ടിനോട് തോറ്റതും, തൊട്ടടുത്ത പ്ലെയ്‌നില്‍ തന്നെ പാകിസ്താനിലോട്ടു പറന്നതും, എയര്‍പോര്‍ട്ടില്‍ നിന്നും ആരും കാണാതെ നേരെ വീട്ടിലോട്ടു മുങ്ങിയതും, അങ്ങനെ അങ്ങനെ… കഴിഞ്ഞു പോയ സംഭവങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു വന്നു.

ചിന്തകള്‍ മുറിച്ചു കൊണ്ട് മൊബൈല്‍ റിങ് ചെയ്യുന്ന ശബ്ദമെത്തി. ക്യാപ്റ്റനാണ്. അറ്റന്‍ഡ് ചെയ്ത് സംസാരിച്ചു. സിoബാവയുമായി ഒരു ഏഴ് മത്സര പരമ്പര തരപ്പെട്ടിട്ടുണ്ടെന്ന സന്തോഷവിവരം പങ്കു വെയ്ക്കാന്‍ വിളിച്ചതാണ്. നഷ്ടപെട്ട ഒന്നാം റാങ്ക്, ശുഭ്മാന്‍ ഗില്ലില്‍ നിന്നും തിരിച്ചു പിടിക്കാന്‍ പോകുന്നതിന്റെ ആവേശം ക്യാപ്റ്റന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു.

പ്രാതല്‍ തയാറാകുമ്പോള്‍ തന്നെ വിളിക്കണമെന്ന് ഹന്നാമ്മയെ ഓര്‍മിപ്പിച്ചു കൊണ്ട്, ഹരാരയുടെ ലോങ്ങ് ഓണിന് മുകളിലൂടെ സിമ്പാവിയന്‍ ബൗളര്‍മാരെ കൂറ്റന്‍ സിക്‌സറുകള്‍ക്ക് പറത്തുന്നത് അയവിറക്കികൊണ്ട് ഇഫ്തിക്കര്‍ ബാബ ചുരുണ്ടു കൂടി കിടന്നു.

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍