ഏകദിന ലോകകപ്പില്‍ ഏറെ നിരാശപ്പെടുത്തിയ പ്രകടനങ്ങളിലൊന്ന് ശ്രീലങ്കയുടേതാണ്. ലോകകപ്പില്‍ ശ്രീലങ്കന്‍ ടീം കളിച്ച 9 മത്സരങ്ങളില്‍ 2 എണ്ണം മാത്രമാണ് ജയിച്ചത്. ഇതോടെ ഏറ്റവും മോശമായ രീതിയില്‍ യോഗ്യത നഷ്ടപ്പെട്ട് അവര്‍ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. ടീമിന്റെ ആ മോശം അവസ്ഥയ്ക്ക് കാരണം എന്തെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സീനിയര്‍ താരം ഏയ്ഞ്ചലോ മാത്യൂസ്.
ടീമെന്ന നിലയില്‍ ചെയ്ത പിഴവുകളാണ് തങ്ങളുടെ തോല്‍വിക്ക് കാരണമെന്ന് ഏയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മാത്യൂസ് ഇക്കാര്യം പറഞ്ഞത്.
ഞങ്ങള്‍ക്ക് ഒരു മികച്ച ടീമുണ്ടായിരുന്നു. പക്ഷേ മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് വന്‍ തിരിച്ചടികള്‍ നേരിട്ടു. കളിക്കാര്‍ ഒത്തൊരുമിച്ച് ഒരു ടീമായി കളിച്ചില്ല. അതാണ് നമ്മുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. ഒരു ടീമെന്ന നിലയില്‍ മത്സരങ്ങള്‍ നന്നായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ശരിക്കും അസ്വസ്തരാണ്.
ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഒരുപാട് തെറ്റുകള്‍ വരുത്തി. അതാണ് പരാജയത്തിന് കാരണമെന്ന് ഞങ്ങള്‍ കരുതുന്നു. തോറ്റ എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും മൂന്നിലും നന്നായി കളിച്ചില്ല.
ആരാധകര്‍ എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്നു, ഞങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നു. ജയിച്ചാലും തോറ്റാലും അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ആഹ്ലാദിക്കുന്നു. വിഷമിക്കുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ അവരെ ഒരു തരത്തിലും സന്തോഷിപ്പിച്ചില്ല- മാത്യൂസ് പറഞ്ഞു.