ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം നേടുമെന്ന് ഓസീസ് മുന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്‌സണ്‍. ഇത്തവണ ഏറ്റവും കൂടുതല്‍ റണ്‍സിന്റെയും വിക്കറ്റുകളുടെയും കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍, ഇന്ത്യന്‍ താരങ്ങളിലൊരാള്‍ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡു നേടുമെന്നും അത് രോഹിത്തായിരിക്കുമെന്നും വാട്‌സണ്‍ പറഞ്ഞു.
ലോകകപ്പ് പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നേടുമെന്ന് ഞാന്‍ കരുതുന്നു. ഈ പരമ്പരയില്‍ രോഹിത് ശര്‍മ്മ മികച്ച ബാറ്റിംഗ് പുറത്തെടുക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവന്റെ ബാറ്റിംഗ് ആസ്വദിക്കാം.
എത്ര മികച്ച ബോളറാണെങ്കിലും രോഹിത് ശര്‍മ്മയ്ക്ക് ആദ്യ പന്തില്‍ തന്നെ സ്‌ട്രൈക്ക് ചെയ്യാന്‍ കഴിയും. ഈ പരമ്പരയില്‍ അദ്ദേഹം ഇനിയും നിരവധി നേട്ടങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പരമ്പരയിലെ ഒന്നാം നമ്പര്‍ കളിക്കാരന്‍ അദ്ദേഹമായിരിക്കും- വാട്‌സണ്‍ പറഞ്ഞു.
നിലവിലെ ലോകകപ്പ് ക്രിക്കറ്റ് പരമ്പരയില്‍ ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് സെമി സാധ്യത ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ബോളിംഗില്‍ ബുംറ, കുല്‍ദീപ് യാദവ്, ജഡേജ എന്നിവരും തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിക്കുന്നതിനാല്‍ പാകിസ്ഥാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള ടീമുകളെ അനായാസം പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു.