ഏകദിന ലോകകപ്പ്: മുഹമ്മദ് റിസ്വാനെ വിലക്കുമോ? പാക് സൂപ്പര്‍ താരത്തിനെതിരെ പരാതി

പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാനെതിരെ ഐസിസിക്ക് പരാതി നല്‍കി സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ ഹൈദരാബാദില്‍ നടന്ന മത്സരത്തിനിടെ മുഹമ്മദ് റിസ്‌വാന്‍ ഗ്രൗണ്ടില്‍ വെച്ച് നമസ്‌കരിച്ചെന്നാണ് അഭിഭാഷകന്റെ പരാതി.

റിസ്വാന്റെ ഈ പ്രവര്‍ത്തി ‘ക്രിക്കറ്റ് സ്പിരിറ്റിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന്’ ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേയ്ക്ക് നല്‍കിയ പരാതിയില്‍ വിനീത് ജിന്‍ഡാല്‍ പറയുന്നു. സംഭവത്തില്‍ റിസ്വാന് നേരെ ഐസിസിയുടെ നടപടിയുണ്ടാകമോ എന്നും വിലക്ക് നേരിടേണ്ടി വരുമോ എന്നുമാണ് ആരാധകരുടെ നിലവിലെ ആശങ്ക.

Image

മുഹമ്മദ് റിസ്വാന്‍ മൈതാനത്തിന്റെ നടുവില്‍ നമസ്‌കരിക്കുന്നത് ആദ്യ സംഭവമല്ല. 2021ലെ ടി20 ലോകകപ്പിലും ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ താരം ഇതുപോലെ മൈതാനത്ത് നമസ്‌കരിച്ചിരുന്നു. എന്നാല്‍ അന്ന് ഇതില്‍ വിമര്‍ശനം ഉണ്ടായില്ല.

പാകിസ്ഥാന്‍ അവതാരകയും കമന്റേറ്ററുമായ സൈനബ് അബ്ബാസിനെതിരെ നേരത്തെ പരാതി നല്‍കിയ അതേ വ്യക്തിയാണ് വിനീത് ജിന്‍ഡാല്‍. അവരുടെ ട്വീറ്റുകള്‍ ഇന്ത്യക്കാരെയും ഹിന്ദുമതത്തെയും നിന്ദിക്കുന്നതും അപമാനകരവുമാണെന്ന് വിനീത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയുയര്‍ന്ന വിവാദങ്ങളെ പേടിച്ച് സൈനബ് ഇന്ത്യ വിട്ടിരുന്നു.