ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരം മൈതാനത്ത് നിരവധി ചൂടേറിയ നിമിഷങ്ങള്‍ നിറഞ്ഞതായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്റെ അപ്പീലിനെത്തുടര്‍ന്ന് വിചിത്രമായ പുറത്താകലിന് ഏയ്ഞ്ചലോ മാത്യൂസ് ഇരയായതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടൈംഡ്-ഔട്ട് പുറത്താകലിനും മൈതാനം സാക്ഷ്യം വഹിച്ചു.
പിന്നീട് രണ്ടാം ഇന്നിംഗ്സില്‍, 32-ാം ഓവറില്‍ ഷക്കീബിനെ പുറത്താക്കി മാത്യൂസ് തന്റെ കലിപ്പടക്കി. ഓവറിലെ ആദ്യ പന്തില്‍, മാത്യൂസിന്റെ സ്ലോവര്‍ ബോള്‍ വായിക്കുന്നതില്‍ ഷക്കീബ് പരാജയപ്പെട്ടു. ബാറ്റില്‍നിന്ന് ഉയര്‍ന്നു പൊങ്ങിയ പന്ത് ഷോര്‍ട്ട് മിഡ് ഓഫില്‍ ചാരിത് അസലങ്കയുടെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ ഷാക്കിബിന്റെ ഇന്നിംഗ്സിന് തിരശ്ശീല കൊണ്ടുവന്നു.
View this post on Instagram
ഷാക്കിബിനെ പുറത്താക്കിയ ശേഷം, ബംഗ്ലാദേശ് ക്യാപ്റ്റന് ‘ടൈം ഓവര്‍’ എന്ന് സൂചിപ്പിക്കാന്‍ മാത്യൂസ് തന്റെ കൈത്തണ്ടയിലേക്ക് വിരല്‍ ചൂണ്ടി. 65 ബോളില്‍ 82 റണ്‍സെടുത്താണ് ഷക്കീബ് പുറത്തായത്. മത്സരത്തില്‍ 7.1 ഓവര്‍ ബോള്‍ ചെയ്ത മാത്യൂസ് 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
രാജ്യാന്തര ക്രിക്കറ്റില്‍ ടൈംഡ് ഔട്ടായി പുറത്താകുന്ന ആദ്യ ബാറ്ററാണ് ഏഞ്ചലോ മാത്യൂസ്. 3.49നാണ് സദീര സമരവിക്രമ പുറത്തായത്. 3.54ന് മാത്യൂസിനെതിരെ ടൈംഡ് ഔട്ട് വിളിച്ചു. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റര്‍ പുറത്തായി, രണ്ടു മിനിറ്റിനകം അടുത്ത ബാറ്റര്‍ പന്തു നേരിടാന്‍ തയാറാകണമെന്നാണ്. അല്ലെങ്കില്‍ എതിര്‍ ടീമിന് ടൈംഡ് ഔട്ട് ആവശ്യപ്പെടാം.