ഏഷ്യാ കപ്പ് 2023 ഫൈനലിലെ പരാജയത്തെ തുടര്‍ന്ന്, 2023 ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്ക ക്രിക്കറ്റ് ഉടന്‍ തന്നെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റെവ് സ്‌പോര്‍ട്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഷനകയുടെ ഈ നീക്കം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ലങ്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടീമിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഷനക. താരത്തിന്റെ കീഴില്‍ ലങ്കന്‍ ടീം ഒരു മികച്ച ഒരു യൂണിറ്റാക്കി മാറ്റപ്പെട്ടിരുന്നു. അതിനാല്‍ ഇത് ശരിയായ ഒരു തീരുമാനമല്ലെന്നാണ് പൊതു അഭിപ്രായം.
2022ലെ ഏഷ്യാ കപ്പില്‍ ലങ്കയെ ചാമ്പ്യന്‍മാരാക്കുകയും ഈ വര്‍ഷം ലങ്കയെ ഫൈനലിലെത്തിക്കുകയും ചെയ്ത ഷനക ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീമിനെ ചാമ്പ്യന്‍മാരുമാക്കിയിരുന്നു. ലങ്കന്‍ ക്യാപ്റ്റനെന്ന നിലയില്‍ 60.5 എന്ന മികച്ച വിജയശതമാനം ഷനകക്ക് ഉണ്ട്. താരത്തിന് കീഴില്‍ 37 മത്സരങ്ങളില്‍ ഇതുവരെ കളിച്ച ശ്രീലങ്ക 23 എണ്ണം ജയിച്ചു 14 എണ്ണത്തില്‍ തോറ്റു.
Read more
മീഡിയം പേസറും വെടിക്കെട്ട് ബാറ്ററുമായ ഷനകക്ക് ഏഷ്യാ കപ്പില്‍ മികവ് കാട്ടാനായിരുന്നില്ല. ഇതും ഫൈനലില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയതുമാണ് ഷനകയുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് മനസിലാക്കേണ്ടത്. തോല്‍വിക്ക് പിന്നാലെ ഷനക ലങ്കന്‍ ആരാധകരോട് മാപ്പു പറഞ്ഞിരുന്നു. ഫൈനലില്‍ 50 റണ്‍സിന് ഓള്‍ഔട്ടായ ലങ്ക 10 വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്.