ഒരു പുതിയ വര്ഷം തുടങ്ങി ആകെ 18 ദിവസം പിന്നിടുന്നു. അതിനിടയിൽ ഇന്ത്യ ഇട്ടത് രണ്ട് ടീം റെക്കോഡുകളാണ്. ഒന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റ് മത്സരത്തിൽ ഭാഗമായ റെക്കോഡും മറ്റൊന്ന് ഇന്നലെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സമയം നീണ്ടുപോയി ടി 20 മത്സരത്തിന്റെ ഭാഗമായ റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച്ച ആയിരുന്നു ഇന്ത്യ സൗത്താഫ്രിക്ക ടെസ്റ്റ് മത്സരം രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ അവസാനിച്ചത്. അന്ന് പേസ് ബോളര്മാരുടെ പറുദീസ ആണെങ്കിൽ ഇന്നലെ ടി 20 മത്സരം നടന്നത് ബാറ്ററുമാരുടെ പറുദീസ ആയിരുന്ന വിക്കറ്റിലാണ്. അതിനാൽ തന്നെ രണ്ട് ടീമുകളും അടിച്ചുപറത്തുന്ന കാഴ്ചയാണ് കണ്ടത്. അതിനാൽ തന്നെ മത്സരം സമനിലയിൽ അവസാനിക്കുകയും രണ്ട് സൂപ്പർ ഓവർ കണ്ട പോരാട്ടത്തിന് ഒടുവിൽ ഇന്ത്യ ജയിച്ചുകയറുകയും ആയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 212 റൺസിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാൻ നേടിയത് 16 റൺസാണ്. മറുപടിയായി ഇന്ത്യയുടെ സൂപ്പർ ഓവർ പോരാട്ടവും 16 റൺസിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു.
രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് 11 റൺസ് മാത്രം. അഞ്ച് പന്തുകൾക്കുള്ളിൽ സൂപ്പർ ഓവറിലെ രണ്ട് വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ 12 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകൾക്കുള്ളിൽ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.