ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ പ്രശംസ കൊണ്ടുമൂടി മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എന്‍ജിനീയര്‍. റിഷഭ് പന്ത് തന്റെ പോരായ്മകള്‍ പരിഹരിച്ചുകഴിഞ്ഞെന്നും വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ താരം മികച്ചതായെന്നും എന്‍ജിനീയര്‍ അഭിപ്രായപ്പെട്ടു.
‘ഏകദിന ക്രിക്കറ്റിന് ബാറ്റ്‌സ്മാന്‍-വിക്കറ്റ് കീപ്പറെ മതിയാകും. എന്നാല്‍ ടെസ്റ്റില്‍ കൃത്യമായൊരു വിക്കറ്റ് കീപ്പര്‍ തന്നെ വേണം. റിഷഭ് പന്ത് തന്റെ പോരായ്മകള്‍ പരിഹരിച്ചുകഴിഞ്ഞു. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ താരം മികച്ചതായിരിക്കുന്നു. റിഷഭ് എന്ന ബാറ്റ്‌സ്മാന്‍ വളരെ വ്യത്യസ്തനാണ്. വളരെ കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്ന ആത്മവിശ്വാസം താരം പ്രകടിപ്പിക്കുന്നു.’
‘സെഞ്ച്വറിക്കായി റിവേഴ്സ് സ്വീപ് കളിക്കുന്നത് നമ്മള്‍ കണ്ടു. ഒരു പമ്പര വിഡ്ഢിയോ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന മനുഷ്യനോ മാത്രമേ ഈ സാഹസം ചെയ്യൂ. ഞാനൊരിക്കലും റിഷഭിനെ വിഡ്ഢി എന്ന് വിളിക്കില്ല. വളരെ ആത്മവിശ്വാസമുള്ളയാളായേ കാണൂ. റിഷഭ് പ്രതിഭാശാലിയാണ്. അദേഹത്തിന് എല്ലാ ആശംസയും നേരുന്നു. ഓരോ മത്സരം കഴിയുന്തോറും റിഷഭ് കൂടുതല്‍ പക്വത കൈവരിക്കുകയും ഇന്ത്യന്‍ ടീമിനായി മഹത്തരമായ സംഭാവനകള്‍ നല്‍കുകയുമാണ്’ എന്‍ജിനീയര്‍ പറഞ്ഞു.