കിട്ടുന്ന അവസരങ്ങൾ മുതലെടുക്കുക, ഒരിക്കൽ സംഭവിച്ച തെറ്റിൽ നിന്ന് പാഠം പഠിക്കുക, അനുദിന ജീവിതത്തിലും കളിക്കളത്തിലും ഇതെല്ലാം ഒരു മനുഷ്യന് അല്ലെങ്കിൽ താരത്തിന് അത്യാവശ്യമാണ് ഈ കാര്യങ്ങൾ ചെയ്യണ്ടത് . ഇതൊക്കെ നന്നായി അറിയാം എന്നിട്ടും ഉഴപ്പ് കാണിക്കുക, വല്ലപ്പോഴും കിട്ടുന്ന അവസരങ്ങൾ തുലക്കുക എന്നിട്ട് മറ്റൊരു അവസരം വരുമെന്ന് ഓർത്ത് കാത്തിരിക്കുക, ഇന്ത്യൻ ടീമിലെ സഞ്ജു സാംസന്റെ അവസ്ഥ ഇത് പോലെ തന്നെയാണ്.
മറ്റ് പല താരങ്ങളെ അപേക്ഷിച്ച് സഞ്ജുവിന് കിട്ടുന്ന അവസരങ്ങൾ വളരെ കുറവാണ് എന്നത് സത്യം തന്നെയാണ്. പക്ഷേ നിലവിലെ ഇന്ത്യൻ ടീമിലെ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുപാട് യുവതാരങ്ങൾ അവസരം കാത്തിരിക്കുമ്പോൾ കൂടുതൽ അവസരങ്ങൾ തന്നാൽ മാത്രമേ ഞാൻ നല്ല പ്രകടനം കാഴ്ചവെച്ചു കാണിക്കൂ എന്നൊന്നും വാശി പിടിക്കാൻ പറ്റുന്ന സാഹചര്യം ഇപ്പൊൾ ഇല്ല. സഞ്ജു തിളങ്ങും വരെ അവസരം കൊടുക്കാം എന്ന് ഇന്ത്യൻ ടീമും ചിന്തിക്കില്ല.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ രണ്ട് ടി 20 പരമ്പരകളിലും സഞ്ജുവിന് അവസരമൊന്നും കിട്ടിയിരുന്നില്ല. പകരം വന്ന ജിതേഷ് ശർമ്മ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. അവസാന മത്സരത്തിൽ സഞ്ജുവിന് അവസരം കിട്ടിയപ്പോൾ ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചത് മികച്ച ഇന്നിങ്‌സാണ്. ജയ്‌സ്വാൾ, കോഹ്‌ലി, ശിവം ദുബൈ എന്നിവർ പുറത്തായ ശേഷം ഇന്ത്യ 21 / 3 എന്ന നിലയിൽ തകരുന്ന സമയത്താണ് സഞ്ജു എത്തുന്നത്. നായകൻ രോഹിതുമായി ചേർന്ന് മികച്ച ഇന്നിംഗ്സ് കളിക്കാനുള്ള അവസരം ആ സമയം സഞ്ജുവിന് മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. ക്രീസിൽ എത്തിയ ഉടൻ തന്നെ അനാവശ്യമായ പുൾ ഷോട്ടിന് ശ്രമിച്ച് താരം വിക്കറ്റ് വലിച്ചെറിഞ്ഞു. തൊട്ടുപിന്നലെ വന്ന റിങ്കു സിങ് ആകട്ടെ തുടക്കത്തിൽ ഒന്ന് പതുങ്ങിയെങ്കിലും അവസാനം കത്തിക്കയറി ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിക്കാൻ രോഹിത്തിനെ സഹായിച്ചു.
അദ്ദേഹത്തെ പുറത്താക്കാൻ കൂടുതൽ ഹോം വർക്കുകൾ ചെയ്യേണ്ടത് ഇല്ല, മണ്ടത്തരം അത് സഞ്ജുവായിട്ട് കാണിക്കും എന്നതാണ് ഇപ്പോഴുള്ള അവസ്ഥ. പെട്ടെന്ന് ക്രീസിൽ എത്തി തിരിച്ചുപോയിട്ട് ആവശ്യം ഉള്ള പോലെയാണ് സഞ്ജു വന്ന ഉടനെ ആവേശം കാണിക്കുന്നത്. ഇതുകൊണ്ടൊക്കെ ദോഷം സഞ്ജുവിന് മാത്രമാണ്. ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ച്വറി സഞ്ജുവിന് ഗുണം ചെയ്യേണ്ടതായിരുന്നു. പക്ഷെ സ്ഥിരത വളരെ അത്യാവശ്യമാണ്. അത് ഇല്ലാത്ത കാലത്തോളം യാതൊരു ഗുണവും കിട്ടില്ല.
സഞ്ജു സാംസൺ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരത്തെ മോഹിപ്പിക്കുക, ശേഷം അവസരം ഇല്ലെന്ന് പറഞ്ഞ് പറ്റിക്കുക ഇതൊക്കെ ഇന്ത്യൻ ടീം ഈ കാലങ്ങളിൽ ചെയ്തിട്ടുണ്ട്. ഇന്ത്യൻ മാനേജമെൻ്റ് സമീപകാലത്ത് ഏറ്റവും ആഹ്ലാദം കണ്ടെത്തുന്ന കാര്യങ്ങളിൽ ഒന്നായിരുന്നു അയാളെ പറ്റിക്കുന്നത്. വല്ലപ്പോഴുമാണ് അയാൾക്ക് മാനേജ്മെന്റ്അവസരം നൽകുന്നത് എന്നുള്ള സത്യം അറിയാവുന്ന ആരാധകർ അയാൾക്കായി ബിസിസിഐ പേജുകളിൽ വാദിക്കുന്നുണ്ട്. അവരെ കൂടിയാണ് സഞ്ജു നിരാശപെടുന്നത്…