'ലോക കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കും', വെല്ലുവിളിച്ച് പാക് നായകന്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയെ മുട്ടുകുത്തിക്കുമെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. യുഎഇയിലെ സാഹചര്യങ്ങളെ കുറിച്ച് നല്ല ധാരണയുള്ളത് മത്സരത്തില്‍ ഗുണം ചെയ്യുമെന്നും ബാബര്‍ പറഞ്ഞു. ഏകദിന, ട്വന്റി20 ലോക കപ്പുകളില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ല.

ഓരോ മത്സരത്തിലെയും സമ്മര്‍ദ്ദത്തെയും തീഷ്ണതയെയും കുറിച്ച് ബോധ്യമുണ്ട്, പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ആദ്യ മുഖാമുഖത്തിലെ. ഇന്ത്യക്കെതിരെ ജയിക്കാനും താളം നിലനിര്‍ത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി പാക് ടീം യുഎഇയില്‍ കളിക്കുന്നു. അവിടത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാം. പിച്ചിന്റ സ്വഭാവവും അതിനനുസരിച്ച് ബാറ്റര്‍മാര്‍ എന്തൊക്കെ മാറ്റംവരുത്തണമെന്നതും അറിയാം. മത്സര ദിനത്തില്‍ നന്നായി കളിക്കുന്നവര്‍ ജയിക്കും. ഇന്ത്യയെ പാക്കിസ്ഥാന്‍ തോല്‍പ്പിക്കുമെന്ന് ഉറപ്പാണ്- ബാബര്‍ അസം പറഞ്ഞു.

പാക് ടീമിന് ഏറെ ആത്മവിശ്വാസവും പോരാട്ടവീര്യവുമുണ്ട്. പഴയതിനെ കുറിച്ചല്ല ഭാവിയെ കുറിച്ചാണ് നമ്മള്‍ ചിന്തിക്കുന്നത്. ഇന്ത്യയെ നേരിടാന്‍ പൂര്‍ണമായി തയാറെടുത്തിട്ടുണ്ടെന്നും മികച്ച ക്രിക്കറ്റ് കാഴ്ച്ചവക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു.