കാല്‍ നൂറ്റാണ്ടിന് ശേഷം ക്രിക്കറ്റ് പര്യടനത്തിനായി എത്തിയ ഓസ്‌ട്രേലിയന്‍ ടീമിനെതിരേ റെക്കോഡ് നേട്ടം നടത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ ബബര്‍ അസം. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിനെതിരേ പൊരുതുന്ന ബാബര്‍ അസം കളിയിലെ നാലാം ഇന്നിംഗ്‌സില്‍ ഉജ്വല ബാറ്റിംഗ് നടത്തി റെക്കോഡിട്ടു.
ഒരു മത്സരത്തിലെ നാലാം ഇന്നിംഗ്‌സില്‍ ഒരു ടീം ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബാബര്‍ അസം കുറിച്ചത്. ഇംഗ്‌ളണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ അതേര്‍ട്ടന്റെ 185 റണ്‍സന്റെ റെക്കോഡാണ് ബാബര്‍ അസം തിരുത്തിയത്. 396 പന്തുകള്‍ നേരിട്ട അസം 189 റണ്‍സുമായി നില്‍ക്കുകയാണ്. 20 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. 1995 ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന മത്സരത്തിലായിരുന്നു പുറത്താകാതെ അതേര്‍ട്ടണ്‍ 185 റണ്‍സ് എടുത്തത്. 492 പന്തുകളില്‍ നിന്നായിരുന്നു ഈ സ്‌കോര്‍. 29 ബൗണ്ടറികളാണ് താരം പറത്തിയത്.
ബാബര്‍ അസമിന്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ഇത്. ചൊവ്വാഴ്ച വെറും 97 റണ്‍സ് എടുത്തപ്പോള്‍ തന്നെ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. 506 റണ്‍സിന്റെ ലീഡാണ് ഓസ്‌ട്രേലിയ പാകിസ്താന് മുന്നിലേക്ക് വെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 148 റണ്‍സ് അടിച്ച പാകിസ്താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 376 റണ്‍സ് എടുത്തു നില്‍ക്കുകയാണ്.