പാകിസ്ഥാന് ബോളര്‍ സൊഹൈല്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് 39 കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയം, ആഭ്യന്തര വൈറ്റ് ബോള്‍ ക്രിക്കറ്റും ഫ്രാഞ്ചൈസി ക്രിക്കറ്റും കളിക്കുന്നത് തുടരുമെന്നും താരം സ്ഥിരീകരിച്ചു.
‘എന്റെ അടുത്ത ആളുകളുമായി സമഗ്രമായ കൂടിയാലോചനയ്ക്ക് ശേഷം, ഞാന്‍ അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. പിസിബി, എന്റെ കുടുംബം, പരിശീലകര്‍, ഉപദേശകര്‍, ടീമംഗങ്ങള്‍, ആരാധകര്‍, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും വലിയ നന്ദി. ഞാന്‍ ആഭ്യന്തര വൈറ്റ് ബോളും ഫ്രാഞ്ചൈസിയും കളിക്കുന്നത് തുടരും’ സൊഹൈല്‍ ഖാന്‍ എക്സില്‍ എഴുതി.
2016ല്‍ മെല്‍ബണിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് സൊഹൈല്‍ ഖാന്‍ അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. അവസാന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ സൊഹൈല്‍ ഖാന്‍ 65 പന്തില്‍ നിന്ന് 100.00 സ്ട്രൈക്ക് റേറ്റില്‍ 65 റണ്‍സ് നേടുകയും രണ്ടാം ഇന്നിംഗ്സില്‍ 4.20 ഇക്കോണമി നിരക്കില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.
2009ല്‍ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സൊഹൈല്‍ ഖാന്‍ ഒമ്പത് മത്സരങ്ങളില്‍നിന്നും 27 വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ 2008ല്‍ സിംബാബ്വെയ്ക്കെതിരെ തന്റെ ആദ്യ മത്സരം കളിച്ച താരം 13 മത്സരങ്ങളില്‍നിന്ന് 19 വിക്കറ്റ് വീഴ്ത്തി. ടി20യില്‍ എട്ട് മത്സരങ്ങളില്‍നിന്ന് താരം അഞ്ച് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.