ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ഓസ്‌ട്രേലിയക്ക് എതിരെ കണ്ടത് പാകിസ്താന്റെ കണ്ണീർ ആയിരുന്നു. ടോസ് നേടി ആദ്യം ഫീൽഡിങ് എടുത്തത് മാത്രമേ പാവം നായകന് ഓർമ്മയുള്ളു. പിന്നെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർഷും വാർണറും ചേർന്നൊരുക്കിയ വെടിക്കട്ടിൽ പാകിസ്ഥാൻ കരിഞ്ഞുണങ്ങി . ഓപ്പണറുമാർ രണ്ടുപേരുടെയും തകർപ്പൻ സെഞ്ച്വറി മികവിൽ നിലവിൽ 33 ഓവറുകൾ മാത്രം ഉള്ളപ്പോൾ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 231 റൺ എന്ന നിലയിലാണ്.
ബാറ്റിംഗ് ട്രാക്ക് ആയതിനാൽ തന്നെ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് വിടാൻ ബാബറിന് മറ്റൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഊഹം കാറ്റിൽ പറത്തുന്ന രീതിയിൽ സ്കൂൾ കുട്ടികളുടെ നിലവാരത്തിൽ പന്തെറിയുന്ന പാകിസ്ഥാൻ ടീമിനെയാണ് കാണാൻ സാധിച്ചത്. ഷഹീൻ അഫ്രീദി ഒഴികെ ഒരു പാകിസ്ഥാൻ ബോളർക്ക് പോലും താളം കണ്ടെത്താൻ സാധിച്ചില്ല. ബാക്കി പാകിസ്ഥാൻ ബോളറുമാർക്ക് ആർക്കും ഒരു ബഹുമാനവും ഓസ്‌ട്രേലിയൻ ബാറ്ററുമാർ കൊടുത്തില്ല.
ഡേവിഡ് വാർണർ തുടക്കം മുതൽ ആക്രമണ മൈൻഡിൽ ആയിരുന്നെങ്കിൽ മാർഷ് തുടക്കത്തിൽ ഒന്ന് പതുങ്ങിയതിന് ശേഷമാണ് ടോപ് ഗിയറിൽ എത്തിയത്. ഇരുതാരങ്ങളും പരിപൂർണ ആധിപത്യത്തിൽ ക്രീസിൽ ഉറച്ചപ്പോൾ വെറുതെ പന്തെറിയുക മാത്രമായി പാകിസ്ഥാൻ ബോളറുമാരുടെ ജോലി. ഫീൽഡറുമാർ ഇന്നും പതിവുപോലെ ദുരന്തം ആകുകയും ചെയ്തതോടെ ബാബറിനും കൂട്ടർക്കും ദുരന്ത ദിനമായി. തങ്ങളെ എഴുതി തള്ളിയ പുച്ഛിച്ച എല്ലാവർക്കുമുള്ള മറുപടി ഓസ്ട്രേലിയ നൽകുന്ന കാഴ്ചയാണ് കാണുന്നത്.
93 പന്തിൽ 124 റൺ എടുത്ത് ബാബർ ക്രീസിൽ തുടരുമ്പോൾ മാർഷ് 104 പന്തിൽ 109 റൺ എടുത്തിട്ടുണ്ട്.