പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്കായി ഡേവിഡ് വാര്‍ണര്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ അഡ്‌ലൈഡിലേക്ക് പതിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ വാര്‍ണര്‍ സ്വന്തം പേരില്‍ കുറിയ്ക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ പിന്നീട് ഉറ്റുനോക്കിയത്.
മുന്നൂറ് പിന്നിട്ടയുടന്‍ വാര്‍ണര്‍ അതിവേഗം ബാറ്റ് ചെയ്ത് ആ പ്രതീക്ഷ നിറവേറ്റുമെന്ന് തോന്നിയ്ക്കുയും ചെയ്തു. എന്നാല്‍ വാര്‍ണറുടെ വ്യക്തിഗത സ്‌കോര്‍ 335ല്‍ നില്‍ക്കെ ഓസ്‌ട്രേലിയന്‍ ടീം ഇന്നിംഗ്‌സ് അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മൂന്ന് വിക്കറ്റിന് 589 റണ്‍സ് എന്ന നിലയിലായിരുന്നു ആ സമയത്ത് ഓസ്‌ട്രേലിയ.
ഇതോടെ ലാറ 2004ല്‍ പുറത്താകാതെ നേടിയ 400 റണ്‍സ് എന്ന ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തകരുമെന്ന ഭീഷണിയും അകന്നു.
വെറും രണ്ടാം ദിവസത്തേയ്ക്ക് മാത്രം കടന്ന കളിയില്‍ വാര്‍ണര്‍ക്ക് ചരിത്ര റെക്കോര്‍ഡ് മറികടക്കാന്‍ അവസരം നല്‍കാതെ ഡിക്ലയര്‍ ചെയ്യാനുളള ഓസ്‌ട്രേലിയന്‍ നായകന്‍ ടീം പെയ്‌ന്റെ തീരുമാനം വരും ദിവസങ്ങളില്‍ വിവാദമാകുമെന്ന് ഉറപ്പാണ്. ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചാണ് ടീം പെയ്ന്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാനുളള തീരുമാനം പ്രഖ്യാപിച്ചത്.
ഇതോടെ വാര്‍ണറുടെ ട്രിപ്പിള്‍ സെഞ്ച്വറി ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറായി മാത്രം ഒതുങ്ങി. 380 റണ്‍ഡസ് നേടിയ മാത്യൂ ഹെയ്ഡന്റെ പേരിലാണ് ഓസീസ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഉളളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 334 റണ്‍സെടുത്ത ബ്രാഡ്മാനേയും മാര്‍ക്ക് ടെയ്‌ലറേയും മറികടക്കാന്‍ ആയി എന്നതാണ് ഓസീസ് താരത്തിന്റെ ഏക ആശ്വാസം.