ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യയുടെ ജേഴ്‌സിയിൽ 'പാകിസ്ഥാൻ' എന്ന് എഴുതില്ല; വിവാദത്തിലായി ബിസിസിഐ തീരുമാനം

പാക്കിസ്ഥാനിലും ദുബായിലും നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുതിയ വിവാദം ഉയരുന്നു. ചാമ്പ്യൻസ് ടീമിനായുള്ള ഇന്ത്യൻ ടീമിൻ്റെ ജേഴ്‌സിയിൽ ആതിഥേയ രാജ്യമായ ‘പാകിസ്ഥാന്റെ’ പേര് അച്ചടിക്കുന്നതിനെ ഇന്ത്യ എതിർത്തതായി റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക ആതിഥേയരായി പാകിസ്ഥാൻ തുടരുന്നുണ്ടെങ്കിലും ഇന്ത്യ തങ്ങളുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ദുബായിൽ വെച്ചാണ് കളിക്കുക.

സുരക്ഷാ കാരണങ്ങളെ മുൻനിർത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തങ്ങളുടെ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും ഒരു ഹൈബ്രിഡ് മോഡൽ അംഗീകരിച്ചത്. എന്നാൽ ടൂർണമെന്റ് വേദിയിൽ ഒരു തീരുമാനമായതിന്റെ തൊട്ട് പിന്നാലെയാണ് ജേഴ്സിയുടെ ആതിഥേയ നാമം പുതിയ വിവാദത്തിന് കാരണമാകുന്നത്.

ടീം ഇന്ത്യയുടെ ജേഴ്‌സിയിൽ പാകിസ്ഥാൻ്റെ പേര് അച്ചടിക്കാൻ വിസമ്മതിച്ച ബിസിസിഐയുടെ തീരുമാനം ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരുന്നുവെന്ന് പിസിബി ആരോപിച്ചു. നേരത്തെ, ചാമ്പ്യൻസ് ട്രോഫിയുടെ കർട്ടൻ റൈസർ ഇവൻ്റായ ക്യാപ്റ്റൻമാരുടെ മീറ്റിനായി ക്യാപ്റ്റൻ രോഹിത് ശർമ്മയെ പാകിസ്ഥാനിലേക്ക് അയക്കാനും ഇന്ത്യൻ ബോർഡ് വിസമ്മതിച്ചിരുന്നു.

ബിസിസിഐ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ട് വരുകയാണെന്നും അത് കളിക്ക് ഒട്ടും ഗുണകരമാവില്ലയെന്നും വിമർശിച്ച പിസിബി ഉദ്യോഗസ്ഥൻ ഉദ്ഘാടന ചടങ്ങിന് തങ്ങളുടെ ക്യാപ്റ്റനെ (പാകിസ്ഥാനിലേക്ക്) അയക്കാൻ വിസമ്മതിച്ചതിനെയും ചൂണ്ടിക്കാട്ടി. ടൂർണമെന്റിൽ കളിക്കുന്ന ടീം എന്ന നിലക്ക് ഇന്ത്യയുടെ ജേഴ്‌സിയിൽ ആതിഥേയരുടെ (പാകിസ്ഥാൻ) പേര് അച്ചടിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന ബിസിസിഐയുടെ തീരുമനത്തെ അനുവദിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.