അക്തറെ പോലും മറികടക്കുമെന്ന് പാടിപ്പുകഴ്ത്തപ്പെട്ട താരം, എന്നാലിന്ന് അപ്രത്യക്ഷന്‍; യുവതാരത്തിന് സംഭവിച്ചതെന്ത്?, ഇന്ത്യയുടെ മുന്‍ ബോളിംഗ് കോച്ച് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് സെന്‍സേഷനെന്ന് ഒരു കാലത്ത് പാടിവാഴ്ത്തിയ പേരായിരുന്നു ഉമ്രാന്‍ മാലിക്കിന്റേത്. 150 കി.മി വേഗത്തിന് മുകളില്‍ സ്ഥിരമായി ബോള്‍ ചെയ്യാനുള്ള താരത്തിന്റെ കഴിവാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തെ ഇപ്പോള്‍ കാണാനേയില്ല. ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ റഡാറില്‍ പോലും താരമില്ല. ഇപ്പോഴിതാ താരത്തിന്റെ പിന്നോട്ടുപോക്കിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബോളിംഗ് കോച്ച് പരസ് മാംബ്രെ.

ബോളിംഗിലെ നിയന്ത്രണം നഷ്ടമായതാണ് ഉമ്രാനു തിരിച്ചടിയായി മാറിയത്. ഇതു കാരണം ക്യാപ്റ്റനു അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടമായി. ഒരു ഫാസ്റ്റ് ബോളറായാല്‍ വേഗത കൊണ്ടു മാത്രം കാര്യമില്ല. പന്തിന്മേലുള്ള നിയന്ത്രണം അത്ര തന്നെ പ്രധാനമാണ്.

ഒരാള്‍ കഴിവ് വളര്‍ത്തിയെടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. അതിവേഗത്തില്‍ ബോള്‍ ചെയ്യാന്‍ സാധിക്കുന്ന ഒരാളെ അപൂര്‍വ്വമായി മാത്രമേ ലഭിക്കുകയുള്ളൂ. ഉമ്രാനില്‍ നിങ്ങള്‍ കഴിവ് കാണുകയും ചെയ്തിട്ടുള്ളതാണ്.

145-148 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് അവന്‍ ശ്രദ്ധയാകര്‍ഷിച്ചത്. സ്പീഡ് ഗണ്ണില്‍ 160 കിമി കാണിച്ചാല്‍ ഞാന്‍ അതു അത്ര വലിയ കാര്യമായെടുക്കാറില്ല. കാരണം അതു യഥാര്‍ഥമാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

ടി20 ക്രിക്കറ്റില്‍ ബോളിംഗില്‍ നിയന്ത്രണമില്ലെങ്കില്‍ നിങ്ങള്‍ പതറും. ഒരിക്കല്‍ നിങ്ങള്‍ക്കു അതു സംഭവിക്കുകയാണെങ്കില്‍ ക്യാപ്റ്റനു നിങ്ങളിലുള്ള വിശ്വാസവും നഷ്ടമാവും- മാംബ്രെ പറഞ്ഞു.

Read more