കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഇന്ത്യന്‍സിനായി പുതിയ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് സ്‌കൗട്ട് ആയാണ് പാര്‍ത്ഥിവ് പട്ടേലിന്റെ നിയമനം. ടൂര്‍ണമെന്റില്‍ പാര്‍ത്ഥിവ് പട്ടേലിന്റെ സാന്നിദ്ധ്യം ടീമിന് മുതല്‍ക്കൂട്ടാമെന്ന് മുംബൈ ഇന്ത്യന്‍സ് ചൂണ്ടിക്കാട്ടി.
“പാര്‍ത്ഥിവ് പട്ടേല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ട്. കളത്തില്‍ സജീവമായിരുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ ക്രിക്കറ്റിലെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിലുള്ള ആഴമായ അനുഭവ പരിജ്ഞാനവും അറിവുംകൊണ്ട് കൂടുതല്‍ പ്രതിഭകളെ കണ്ടെത്തുന്ന മുംബൈ ഇന്ത്യന്‍സ് സംഘത്തില്‍ പാര്‍ത്ഥിവ് പട്ടേലിനെക്കൂടി ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷം.”
“മുംബൈ ഇന്ത്യന്‍സ് എന്താണെന്നും ടീമിന്റെ ലക്ഷ്യമെന്താണെന്നും ടീമിന് വേണ്ടതെന്താണെന്നും അദ്ദേഹത്തിന് അറിയാം. മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലേക്ക് പാര്‍ത്ഥിവ് പട്ടേലിന് സ്വാഗതം.” ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.
2015-17 സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച താരമാണ് പാര്‍ത്ഥിവ് പട്ടേല്‍. ഇതില്‍ 2015-ലും 2017-ലും മുംബൈ കിരീടം ചൂടുകയും ചെയ്തിരുന്നു. ഈ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ് ടീമിന്റെ പിന്നണിയിലേക്ക് പാര്‍ത്ഥിവിനെ എത്തിച്ചിരിക്കുന്നത്.