ഇത് എന്തൊരു നാട്..!, ലോകകപ്പ് നേടി തിരിച്ച് രാജ്യത്ത് എത്തിയ കമ്മിന്‍സിന് ഞെട്ടല്‍

നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി 2023 ലോകകപ്പ് നേടിയതിന് ശേഷം ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. എന്നാല്‍ കിരീടവുമായി നാട്ടില്‍ പറന്നിറങ്ങിയ കമ്മിന്‍സ് ഒന്ന് അത്ഭുതപ്പെട്ടിരിക്കാം. കമ്മിന്‍സിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ആരും തന്നെ ഉണ്ടായില്ല. ഏതാനും മീഡിയക്കാര്‍ മാത്രമാണ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത്.

ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് തങ്ങളുടെ ആറാം ലോക കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി.

ഹെഡ് 120 ബോളില്‍ 4 സിക്സിന്റെയും 15 ഫോറിന്റെയും അകമ്പടിയില്‍ 137 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന്‍ അര്‍ദ്ധ സെഞ്ച്വറി നേടി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

കമ്മിന്‍സ് അടക്കം ചില സീനിയര്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ചില താരങ്ങള്‍ ഇന്ത്യയില്‍ തുടര്‍ന്നു. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കൂടി പൂര്‍ത്തിയാക്കിയ ശേഷമേ ഓസീസ് ടീം നാട്ടിലേക്ക് മടങ്ങൂ.