സ്റ്റാന്‍ഡില്‍ എപ്പോഴും സിഗരറ്റും കത്തിച്ച് കാണാറുളള ഉയരക്കാരനായ കളിക്കാരന്‍, സ്ഥിതിവിവരക്കണക്കുകളാല്‍ ഒരിക്കലും മൂല്യം വെളിപ്പെടാത്താന്‍ പറ്റാത്ത കളിക്കാരുടെ പ്രതിനിധി

ഷമീല്‍ സലാഹ്

1998ല്‍ ജൊഹന്നാസ്ബര്‍ഗില്‍ വെച്ച് നടന്ന പാകിസ്ഥാനുമായുള്ള ഒന്നാം ടെസ്റ്റിനിടെ ബാറ്റിങ്ങ് ഓര്‍ഡറില്‍ പത്താമനായി ഇദ്ദേഹം ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയരായ സൗത്താഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന ദയനീയ നിലയിലായിരുന്നു.. തുടര്‍ന്ന് മത്സരം പുരോഗമിച്ച് ഇദ്ദേഹത്തിന്റെ വിക്കറ്റിലൂടെ സൗത്താഫ്രിക്കയുടെ 9-ാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ ടീം സ്‌കോര്‍ 361 റണ്‍സ് എന്ന ഭദ്രമായ നിലയിലേക്കും എത്തിയിരുന്നു..

ഇദ്ദേഹം പുറത്താകുമ്പോള്‍ 157 പന്തില്‍ നിന്നും 17 ബൗണ്ടറികളുടെ സഹായത്തോടെ 108 റണ്‍സായിരുന്നു നേടിയിരുന്നത്. അങ്ങനെ 10-ാം നമ്പറില്‍ ബാറ്റ് ചെയ്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനായി ഇദ്ദേഹം മാറുകയും ചെയ്തു. തന്റെ കരിയറിലെ തന്നെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയായി ഇദ്ദേഹം അത് നേടുമ്പോള്‍ പ്രായം 37ന് മുകളിലേക്കും കടന്നിരുന്നു.

അതേസമയം ഇദ്ദേഹം നേടിയ ഈ ഇന്നിങ്ങ്‌സിന്റെ മുഖ്യ പിന്‍ബലത്തിലൂടെ സമനിലയില്‍ അവസാനിച്ച ആ മത്സരത്തില്‍ മാര്‍ക്ക് ബൗച്ചറുമായി (78 റണ്‍സ്) ചേര്‍ന്നുള്ള 195 റണ്‍സിന്റെ 9-ാം വിക്കറ്റ് കൂട്ട്‌കെട്ടിലൂടെ, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന 9-ാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ലോകറെക്കോര്‍ഡായി ഇത് ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു..

15th February 1998: When Symcox Became Third No.10 Batsman to Slam a Ton

തൊണ്ണൂറുകളിലെ സൗത്താഫ്രിക്കന്‍ ടീമിലെ ഒരു സ്പിന്‍ ബൗളര്‍ എന്ന നിലയിലും, വേണ്ടി വന്നാല്‍ ബാറ്റ് ചെയ്യാനും കഴിവുണ്ടായിരുന്ന പാറ്റ് സിംകോക്‌സ് ആയിരുന്നു ആ കളിക്കാരന്‍. സൗത്താഫ്രിക്കക്കായി 80 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 694 റണ്‍സും 72 വിക്കറ്റുകളുമാണ് നേടിയതെങ്കിലും, 1990-കളില്‍ 3000 പന്തുകളെങ്കിലും എറിഞ്ഞ അന്നത്തെ എല്ലാ സ്പിന്നര്‍മാരില്‍ നിന്നും അപേക്ഷിച്ച് ഏറ്റവും മികച്ച ഏകദിന ഇക്കോണമി റേറ്റ് ഉണ്ടായിരുന്ന ഒരു സ്പിന്‍ ബൗളര്‍ ആയിരുന്നു പാറ്റ് സിംകോക്‌സ്..

അതേസമയം സൗത്താഫ്രിക്കക്കായി മൊത്തം 20 ടെസ്റ്റുകളില്‍ നിന്ന് 28.50 ശരാശരിയില്‍ 741 റണ്‍സ് നേടി. ഇതിനിടയില്‍ 37 ടെസ്റ്റ് വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹം വീഴ്ത്താന്‍ കഴിഞ്ഞതെങ്കിലും, അദ്ദേഹത്തിന്റെ ഇക്കോണമി നിരക്ക് വെറും 2.70 എന്ന നിരക്കില്‍ ആയത് കൊണ്ട് അതും അക്കാലത്ത് ശ്രദ്ധേയമായിരുന്നു ..

Pat Symcox a feisty bowling all-rounder

അത്ര മികച്ച ടേണ്‍ നിറഞ്ഞ പന്തുകള്‍ ഒന്നും ആയിരുന്നില്ല പാറ്റ് സിംകോക്‌സിന്റേത്.
തന്റെ കൃത്യതയിലും കൗശലത്തിലും ആശ്രയിച്ച ഒരു ഓഫ് സ്പിന്‍ ബൗളര്‍. ഇത്തിരി വേഗത കൂടിയ സ്പിന്‍ ബൗളര്‍ എന്ന നിലയിലും പ്രശസ്തന്‍. അതേസമയം അക്കാലത്തെ സൗത്താഫ്രിക്കയുടെ ബാറ്റിങ് ലൈനപ്പില്‍ ടോപ് ഓര്‍ഡറില്‍ ഇറങ്ങി അവരുടെ ആദ്യത്തെ പിഞ്ച് ഹിറ്റര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും സിംകോക്‌സ് പ്രശസ്തനായിരുന്നു..

തന്റെ ടീമംഗങ്ങളെ ഉയരത്തില്‍ മുന്നേറാന്‍ പ്രേരിപ്പിച്ച ഒരു കടുത്ത മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. സ്ഥിതിവിവരക്കണക്കുകളാല്‍ ഒരിക്കലും മൂല്യം വെളിപ്പെടാത്താന്‍ പറ്റാത്ത കളിക്കാരുടെ മികച്ച ഉദാഹരണമായിരുന്നു പാറ്റ് സിംകോക്‌സ്..

എപ്പോഴും മുഖത്ത് പുഞ്ചിരിയോടെ തന്റെ ടീമിന് വേണ്ടി മാന്യമായി അയാള്‍ ജോലി ചെയ്തു.
അക്കാലത്തെ മത്സരങ്ങള്‍ കാണുമ്പോള്‍ സ്റ്റാന്‍ഡില്‍ എപ്പോഴും സിഗരറ്റും കത്തിച്ച് കാണാറുളള ഉയരക്കാരനായ ആ കളിക്കാരന്‍, BIG MAC! പാറ്റ് സിംകോക്‌സ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍