സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ച് മടങ്ങിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയുക്ത ചെയര്‍മാനും മുന്‍ താരവുമായ റമീസ് രാജ. ന്യൂസിലന്‍ഡുകാര്‍ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ച റമീസ് രാജ, ഇനി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ വെച്ചു കാണാമെന്ന് ന്യൂസിലന്‍ഡിനെ വെല്ലുവിളിച്ചു.
‘എന്തൊരു ദിവസമാണിത്. ഞങ്ങളുടെ കളിക്കാരുടെയും ആരാധകരുടെയും കാര്യമോര്‍ത്ത് വിഷമം തോന്നുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഒരു പരമ്പരയില്‍നിന്ന് സ്വന്തം തീരുമാനത്തില്‍ പിന്‍മാറുന്നത് നിരാശപ്പെടുത്തുന്നു. പ്രത്യേകിച്ചും അതേക്കുറിച്ച് ഒരു വാക്കു പോലും മുന്‍പ് പറയാതെ. ന്യൂസിലന്‍ഡുകാര്‍ ഏതു ലോകത്താണ് ജീവിക്കുന്നത്? ന്യൂസിലന്‍ഡിനോട് പറയാനുള്ളത് ഞങ്ങള്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വെച്ച് അറിയിക്കും’ റമീസ് രാജ പറഞ്ഞു.
വെള്ളിയാഴ്ച്ച പാകിസ്ഥാനെതിരായ ആദ്യമത്സരത്തിന് തൊട്ടു മുമ്പാണ് ടീമിനെ പിന്‍വലിച്ചുകൊണ്ടുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ അറിയിപ്പ് എത്തിയത്. കിവീസ് ടീമിന് പാകിസ്ഥാനില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ടീം പാകിസ്ഥാനില്‍ തുടരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ന്യൂസിലന്‍ഡ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്.