ഐ.പി.എല്‍ 14ാം സീസണിന്റെ കണ്ടെത്തലുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ചേതന്‍ സക്കറിയ. റോയല്‍സിനായി മികച്ച ബോളിംഗ് പ്രകടനമാണ് ചേതന്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ഐ.പി.എല്‍ നിര്‍ത്തിവെച്ചത് തന്റെ ജീവിതത്തിലുണ്ടാക്കിയ പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് താരം.
“എന്റെ ഭാഗ്യത്തിനാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് എന്റെ പ്രതിഫലത്തിന്റെ ഒരു ഭാഗം ഇപ്പോള്‍ ലഭിച്ചത്. ആ പണം ഞാന്‍ നേരെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ആ പണമാണ് ഈ പ്രതിസന്ധി സമയത്ത് എന്റെ കുടുംബത്തെ താങ്ങി നിര്‍ത്തുന്നത്.”
“ചിലര്‍ ഐ.പി.എല്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു, എന്റെ കുടുംബത്തില്‍ വരുമാനം ഉണ്ടാകുന്ന ഒരേയൊരാള്‍ ഞാനാണ്. ക്രിക്കറ്റാണ് എന്റെ ഏക വരുമാനമാര്‍ഗം. എന്റെ അച്ഛന് മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചത് ഐ.പി.എല്‍ കാരണമാണ്. ഐ.പി.എല്‍ നടന്നില്ലെങ്കില്‍ എന്റെ കുടുംബം ബുദ്ധിമുട്ടിലായിപ്പോകുമായിരുന്നു.”
“ഞാന്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്ന് വരുന്ന ഒരാളാണ്. എന്റെ അച്ഛന്‍ ടെമ്പോ ഓടിച്ചായിരുന്നു ഇത്രയും നാള്‍ കുടുംബം നോക്കിയത്. ഐ.പി.എല്ലിലൂടെ ജീവിതം പച്ച പിടിക്കാന്‍ തുടങ്ങുകയായിരുന്നു” ചേതന്‍ പറഞ്ഞു.
ചേതന്റെ അച്ഛന്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ചേതനെ 1.2 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചേതന്‍ ഏഴു വിക്കറ്റും വീഴ്ത്തി.