RCB VS DC: ഐപിഎലിലെ പുതിയ ചെണ്ട ഇവന്‍, നിലത്തുനിര്‍ത്താതെ ഓടിച്ച് സാള്‍ട്ട്, കിട്ടിയ അടിയില്‍ അവന്റെ ഷോഓഫ് അങ്ങ് നിന്നു

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യ ബാറ്റിങ്ങില്‍ മോശമല്ലാത്ത സ്‌കോര്‍ നേടിയിരിക്കുകയാണ് ആര്‍സിബി. 20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് ബെംഗളൂരു ഡിസിക്കെതിരെ നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡിന്റെ മികവിലാണ് ആര്‍സിബി മാന്യമായ സ്‌കോറിലെത്തിയത്. നേരത്തെ ഫില്‍ സാള്‍ട്ടും വിരാട് കോഹ്ലിയും നല്‍കിയ മികച്ച തുടക്കത്തിന്റെ പിന്‍ബലത്തിലായിരുന്നു ബെംഗളൂരു കളിയില്‍ മുന്‍പോട്ട് പോയത്.

നാല്‌ ഓവര്‍ പൂര്‍ത്തിയാവുംമുന്‍പേ തന്നെ ആര്‍സിബി ഇന്ന് 50 റണ്‍സ് കടന്നിരുന്നു. കോഹ്ലിയെ ഒരറ്റത്തുനിര്‍ത്തി ഫില്‍ സാള്‍ട്ടാണ് ഇന്ന് ആക്രമണം ഏറ്റെടുത്തത്. 17 പന്തുകളില്‍ മൂന്ന്‌ സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 37 റണ്‍സാണ് സാള്‍ട്ട് നേടിയത്. ഇതില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറില്‍ മാത്രം 25 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് സ്റ്റാര്‍ക്കിനെതിരെ സാള്‍ട്ട് കത്തിക്കയറിയത്.

എന്നാല്‍ നാലാം ഓവറില്‍ സാള്‍ട്ട് റണ്ണൗട്ടായത് ആര്‍സിബിക്ക് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് രജത് പാട്ടിധാര്‍ തിളങ്ങിയെങ്കിലും മറ്റ് പ്രധാന ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അവസാനം ടിം ഡേവിഡിന്റെ ചെറുത്തുനില്‍പ്പ് ടീമിനെ 150 റണ്‍സ് കടത്തുകയായിരുന്നു. ഡല്‍ഹിക്കായി വിപ്രജ് നിഗവും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാര്‍, മോഹിത് ശര്‍മ്മ തുടങ്ങിയവര്‍ ഓരോ വിക്കറ്റും നേടി.