ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് ബ്രിസ്‌ബേനിൽ അവസാനിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലി വിമാനത്താവളത്തിൽ ഏതാനും മാധ്യമപ്രവർത്തകരുമായി ചൂടേറിയ ആശയവിനിമയത്തിൽ ഏർപ്പെട്ടു. ക്രിക്കറ്റ് കളത്തിൽ നിന്ന് മാറി നിന്നാൽ വ്യക്തിജീവിതത്തിൽ സ്വകാര്യത നിലനിർത്താൻ ഇഷ്ടപ്പെടുന്ന കോഹ്‌ലി, തന്നെയും കുടുംബാംഗങ്ങളെയും മാധ്യമങ്ങൾ ചിത്രീകരിക്കുന്നതിൽ അസ്വസ്ഥൻ ആയെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിൽ താനും മക്കളും നടന്നുപോകുന്നത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നതിലാണ് താരം ബുദ്ധിമുട്ട് പ്രകടിപ്പിച്ചത്. എന്നാൽ, ഇത് തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
കോഹ്‌ലിയെയും കുടുംബത്തെയും വിമാനത്താവളത്തിൽ കണ്ടപ്പോൾ ഏതാനും മാധ്യമപ്രവർത്തകർ ഓസ്‌ട്രേലിയൻ പേസർ സ്‌കോട്ട് ബോലാൻഡിനെ അഭിമുഖം നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ട്. ഇതോടെ ക്യാമറകൾ കോഹ്‌ലിയിലേക്ക് ഫോക്കസ് മാറ്റി, അത് കണ്ട ഇന്ത്യൻ താരം ബുദ്ധിമുട്ട് അറിയിച്ചു.
തന്നെയും കുടുംബത്തെയും എന്തിനാണ് ചിത്രീകരിക്കുന്നത് എന്നതായിരുന്നു കോഹ്‌ലിയുടെ ചോദ്യം. കുറെയധികം ക്യാമറകൾ കണ്ടപ്പോഴാണ് മാധ്യമങ്ങൾ തന്നെ തൻ്റെ കുട്ടികളുമായി ചിത്രീകരിക്കുന്നതെന്ന് കരുതി കോഹ്‌ലി ദേഷ്യപ്പെട്ടത്,” എയർപോർട്ടിലെ ഒരു റിപ്പോർട്ടർ 7NEWS-ൽ പറഞ്ഞു. “എൻ്റെ കുട്ടികളുമായി എനിക്ക് കുറച്ച് സ്വകാര്യത ആവശ്യമാണ്, എന്നോട് ചോദിക്കാതെ നിങ്ങൾക്ക് എന്നെ ക്ലിക്ക് ചെയ്യാൻ കഴിയില്ല,” വിരാട് കോഹ്‌ലി പറഞ്ഞു.
എന്നാൽ, തൻ്റെ കുട്ടികളെ ക്യാമറയിൽ പകർത്തിയിട്ടില്ല എന്ന് ഉറപ്പുകിട്ടിയതോടെ കോഹ്‌ലി കൂളായി എന്നും താൻ ദേഷ്യപ്പെട്ട മാധ്യമപ്രവർത്തകന് ഹസ്തദാനം നൽകി എന്നും റിപ്പോർട്ടിൽ പറയുന്നു.
https://x.com/ImTanujSingh/status/1869644102641590382