"ഐപിഎല്ലിനെക്കാൾ ഞാൻ പ്രാധാന്യം കൊടുക്കുന്നത് ആ കാര്യത്തിനാണ്": വെെഭവ് സൂര്യവംശി

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ സ്റ്റാറായത് വെറും 13 വയസുള്ള ബീഹാർ സ്വദേശിയായ വെെഭവ് സൂര്യവംശിയാണ്. 30 ലക്ഷം അടിസ്ഥാന വിലയായി വെച്ച താരത്തിന് ഡൽഹി ക്യാപിറ്റൽസുമായുള്ള കടുത്ത വിളികൾക്ക് ശേഷം രാജസ്ഥാൻ റോയൽസ് തന്നെ 1 കോടി 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ഇടം കയ്യൻ ബാറ്ററും ഇടം കയ്യൻ സ്പിന്നറുമാണ് വൈഭവ്.

ഇപ്പോൾ നടന്ന അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ ഫൈനലിൽ ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനേക്കാൾ സന്തോഷം പരിശീലകനും മുൻ ഇന്ത്യൻ താരവുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ കീഴിൽ കളിക്കുന്നതാണ് എന്ന് പറഞ്ഞിരിക്കുകയാണ് വെെഭവ് സൂര്യവംശി.

വെെഭവ് സൂര്യവംശി പറയുന്നത് ഇങ്ങനെ:

‘‌’ഐപിഎൽ കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ അതിനേക്കാൾ സന്തോഷം രാഹുൽ ദ്രാവിഡിന് കീഴിൽ കളിക്കുന്നതിലാണ്. ഐപിഎല്ലിനായി എനിക്ക് ഒരു തന്ത്രങ്ങളുമില്ല. നിലവിൽ കളിക്കുന്നതുപോലെ തന്നെയാവും ഐപിഎല്ലിലും കളിക്കുക” വെെഭവ് സൂര്യവംശി പറഞ്ഞു.

അണ്ടർ 19 ഏഷ്യാ കപ്പിലെ ഫൈനലിലെ തോൽവിയെക്കുറിച്ച് സൂര്യവംശി സംസാരിച്ചു:

“ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ ചില ദിവസങ്ങളിൽ ടീം ബാറ്റിങ് തകർച്ച നേരിടും. അത് കൊണ്ട് മാത്രമാണ് ഫൈനലിൽ ഞങ്ങൾ തോൽവി ഏറ്റുവാങ്ങിയത്” സൂര്യവംശി പറഞ്ഞു.