2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതിനാൽ തന്നെ അവിടെ ഇന്ത്യ സ്വർണ മെഡൽ നേടാൻ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഉണ്ടാകണം എന്നും അതിന് ശേഷം മാത്രമേ വിരമിക്കാവു എന്നും താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ വിജയിച്ചാൽ ഇരുതാരങ്ങളും വിരമിക്കാൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ട് വരുന്നതിനിടെയാണ് ശ്രീശാന്ത് പ്രതികരണം അറിയിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ചാമ്പ്യൻസ് ട്രോഫി ഫൈനൽ കളിച്ചു കഴിഞ്ഞാൽ കോഹ്‌ലിയും രോഹിതും വിരമിക്കുമെന്ന് വാർത്തകൾ വരുന്നു. ഇരുവരും വിരമിക്കുമെന്ന് റിപ്പോർട്ട് വരുന്നു. ഒളിമ്പിക്സിൽ ക്രിക്കറ്റ് അവതരിപ്പിച്ച സ്ഥിതിക്ക് അതിൽ ഇന്ത്യയെ സ്വർണ മെഡൽ അടുപ്പിച്ചിട്ടേ ഇരുവരും വിരമിക്കാവു. രാജ്യത്തിന് എല്ലാം നേടി തന്നവരാണ്. ആ നേട്ടം കൂടി ഞങ്ങൾക്കായി നേടി തരുക.”
മാർച്ച് 4 ന് ദുബായിൽ ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിലേക്ക് കടക്കുമ്പോൾ കോഹ്‌ലിയും രോഹിതും ഇന്ത്യയുടെ രണ്ട് പ്രധാന കളിക്കാരായി തുടരുകയാണ്. ഫൈനലിൽ ഇന്ത്യക്ക് എതിരാളി ന്യൂസീലൻഡാണ്. ഗ്രുപ്പ് സ്റ്റേജ് മത്സരത്തിൽ 44 റൺസിന് ആയിരുന്നു ഇന്ത്യയുടെ ജയം. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിതിന്റെയും കോഹ്‌ലിയുടെയും ഏകദിന ഭാവിയെ കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു.