പാവം സഞ്ജു, എത്ര റൺ അടിച്ചാലും അവൻ ടീമിൽ നിന്ന് പുറത്താണ്: ഹർഭജൻ സിംഗ്

ഫെബ്രുവരിയിൽ ആരംഭിക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായുള്ള ടീമിൽ മലയാളി താരമായ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. പകരമായി തിരഞ്ഞെടുത്തത് റിഷഭ് പന്തിനെയാണ്. ബിസിസിഐയുടെ നിർദേശ പ്രകാരം താരങ്ങൾ ആഭ്യന്തര ടൂർണമെന്റുകൾ കളിക്കണം എന്ന നിർദേശം ഉണ്ടായിരുന്നു. എന്നാൽ സഞ്ജു വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് പിന്മാറിയിരുന്നു. കെസിഎ അദ്ദേഹത്തെ തഴഞ്ഞു എന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അതിനെ എല്ലാം തള്ളിയിരിക്കുകയാണ് കെസിഎ അധികൃതർ.

എന്നാൽ നിലവിലെ പ്രകടനത്തിൽ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിലേക്ക് യോഗ്യത ഉണ്ടെങ്കിൽ അത് മലയാളി താരമായ സഞ്ജു സാംസണ് തന്നെയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്.

ഹർഭജൻ സിംഗ് പറയുന്നത് ഇപ്രകാരം:

” സത്യം പറഞ്ഞാല്‍ അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. എത്ര റണ്ണടിച്ചാലും അവനെ ഒഴിവാക്കും. ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമേ പരമാവധി ഉള്‍പ്പെടുത്താനാവൂവെന്ന് എനിക്കറിയാം. പക്ഷേ, സഞ്ജുവിന്‍റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റാണിത്. മധ്യനിരയിൽ റൺ വറ്റുമ്പോൾ ആശ്രയിക്കാവുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് സഞ്ജു”

ഹർഭജൻ സിംഗ് തുടർന്നു:

“ഈ ഫോര്‍മാറ്റില്‍ അവന് 55-56 ബാറ്റിങ് ശരാശരിയുമുണ്ട്. അവസാന ഏകദിനത്തിൽ സെഞ്ച്വറിയുണ്ട്, അവസാനം കളിച്ച ടി 20 പരമ്പരകളിലും ഇപ്പോൾ കളിക്കുന്ന പരമ്പരയിലും താരം മിന്നുന്ന ഫോമിൽ കളിക്കുന്നു. എന്നിട്ടും അവനെ രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല. അവനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. സ്പെഷ്യലിസ്റ്റ് കീപ്പറായി അല്ലാതെ ടീമിൽ ഉൾപ്പെടുത്തിയാൽ എന്താണ് പ്രശ്നം” ഹർഭജൻ സിംഗ് പറഞ്ഞു.

Read more