ഐപിഎലില്‍ ഇന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സും റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുളള പോരാട്ടമാണ്. ലഖ്‌നൗവിന്റെ ഹോംഗ്രൗണ്ടായ ഏകാന സ്‌റ്റേറിഡയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് ടേബിളില്‍ താഴെ കിടക്കുന്ന ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് തോല്‍വിയുമാണ് ഇരുടീമുകള്‍ക്കുമുണ്ടായത്. കഴിഞ്ഞ സീസണില്‍ രണ്ട് തവണ മുംബൈയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാകും ലഖ്‌നൗ ഇറങ്ങുക. കൂടാതെ 2023 പ്ലേഓഫില്‍ എലിമിനേറ്റര്‍ മത്സരത്തിലും മുംബൈയെ ലഖ്‌നൗ തോല്‍പ്പിച്ചിരുന്നു.
ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം. അന്ന് സ്റ്റാര്‍ ബാറ്റര്‍ നിക്കോളാണ് പുരാന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ 214 എന്ന വലിയ വിജയലക്ഷ്യമാണ് ലഖ്‌നൗ മുംബൈക്ക് മുന്നില്‍വച്ചത്. 29 പന്തുകളില്‍ 75 റണ്‍സാണ് പേരുകേട്ട മുംബൈ ബോളിങ് നിരയ്‌ക്കെതിരെ പുരാന്‍ അടിച്ചെടുത്തത്. അഞ്ചാമനായി ഇറങ്ങിയ താരം അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും ഉള്‍പ്പെടെ 258.62 സ്‌ട്രൈക്ക് റേറ്റിലാണ് സംഹാര താണ്ഡവമാടിയത്.
പത്താം ഓവറില്‍ 69ന് 3 എന്ന നിലയില്‍ ലഖ്‌നൗ നിന്ന സമയത്ത് എത്തിയ നിക്കോളാസ് പുരാന്‍ ടീം സ്‌കോര്‍ 17 ഓവറില്‍ 178 റണ്‍സില്‍ എത്തിച്ച ശേഷമാണ് മടങ്ങിയത്. പുരാന് പുറമെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ അര്‍ധസെഞ്ച്വറിയും മാര്‍കസ് സ്റ്റോയിനസിന്റെ 28 റണ്‍സും ആയുഷ് ബദോനിയുടെ അവസാന ഓവറിലെ വെടിക്കെട്ടും ലഖ്‌നൗവിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മറുപടി ബാറ്റിങ്ങില്‍ രോഹിത് ശര്‍മ്മ(68), നമന്‍ ദീര്‍(62) എന്നിവര്‍ മുംബൈയ്ക്കായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്ത് തീരത്ത് എത്തിക്കാനായില്ല,.