IPL 2025: അവന്‍ ടീമിലുളളതാണ് ഞങ്ങളുടെ എറ്റവും വലിയ ഭാഗ്യം, ലേലത്തില്‍ ഞങ്ങളുടെ എല്ലാ ശ്രദ്ധയും അവനിലേക്കായിരുന്നു, വെളിപ്പെടുത്തി പ്രീതി സിന്റ

ഐപിഎല്‍ ഈ സീസണിലെ മികച്ച ടീമുകളില്‍ ഒന്നാണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ ലേലത്തില്‍ ശ്രദ്ധേയരായ ചില കളിക്കാരെ മാനേജ്‌മെന്റ് എടുത്തതോടെ ടീം കരുത്തുറ്റ നിരയായി മാറിയിരുന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഈ സീസണില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബുളളത്. ഏത് ടീമുകള്‍ക്കെതിരെയും അവസാനം വരെ പോരാടാറുളള പഞ്ചാബ് ഇത്തവണ പ്ലേഓഫില്‍ എത്താന്‍ സാധ്യതയുളള ടീമുകളില്‍ ഒന്നുകൂടിയാണ്. അതേസമയം കഴിഞ്ഞ മെഗാലേലത്തില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി തങ്ങള്‍ മനസില്‍ കണ്ടത് ശ്രേയസിനെ മാത്രമായിരുന്നെന്ന് തുറന്നുപറയുകയാണ് നടിയും ടീം ഉടമയുമായ പ്രീതി സിന്റ.

ലേലത്തിലെ എറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയ്ക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. 26.75 കോടിക്കായിരുന്നു ശ്രേയസ് അയ്യരെ പഞ്ചാബ് മാനേജ്‌മെന്റ് സ്വന്തമാക്കിയത്. ശ്രേയസ് വളരെ ഡൗണ്‍ ടു എര്‍ത്ത് വ്യക്തിയാണെന്നും മികച്ച ക്യാപ്റ്റനുമാണെന്നും പ്രീതി സിന്റ പറയുന്നു. ഒരു കളിക്കാരനെന്ന നിലയില്‍ വളരെ തന്ത്രപരവും ആക്രമണാത്മകവുമായ സമീപനമാണ് അദ്ദേഹത്തിന്റേത്.

Read more

പക്ഷേ എറ്റവും സ്വീറ്റും മൃദുഭാഷിയുമായ വ്യക്തി. അദ്ദേഹം പഞ്ചാബിനെ നയിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ വളരെ സന്തോഷമുണ്ട്. ക്യാപ്റ്റന്‍സിക്ക് ഞങ്ങളുടെ ആദ്യ ചോയ്‌സ് അദ്ദേഹമായിരുന്നു. ലേലത്തില്‍ മുഴുവനും അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങള്‍ മുന്നോട്ടുപോയത്, പ്രീതി സിന്റ കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത മത്സരം. പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ സിഎസ്‌കെയ്‌ക്കെതിരെ പഞ്ചാബിന് വിജയം അനിവാര്യമാണ്. ഒമ്പത് കളികളില്‍ അഞ്ച് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 11 പോയിന്റാണ് പഞ്ചാബിനുളളത്.