വീണ്ടും അമ്പരപ്പിച്ച് പൃഥ്വി ഷാ: ഇവന്‍ സച്ചിന്‍ തന്നെ!

പൃഥ്വി ഷാ ഷോ തുടരുന്നു. കൗമാര ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഉഗ്രന്‍ ജയം സ്വന്തമാക്കിയപ്പോള്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി വീണ്ടും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 100 ബോളില്‍ നിന്ന് 94 റണ്‍സെടുത്താണ് പൃഥ്വി ഓസ്‌ട്രേലിയയ്‌ക്കെതിരേ എതിര്‍ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, ഇന്നിങ്‌സിനിടയില്‍ ബാറ്റിങ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ അനുസ്മരിക്കുന്ന രീതിയില്‍ ബാറ്റ് വീശിയാണ് പൃഥ്വി ഇന്ന് താരമായത്. 100 ബോളില്‍ നിന്ന് എട്ട് ഫോറുകളും ആറ് സിക്‌സും നേടിയാണ് താരം പുറത്തായത്. ഷായുടെ ബാറ്റിങ് ശൈലി സച്ചിന്‍ ടെണ്ടുല്‍ക്കറിന് സമാനമാണെന്നാണ് കമേന്റര്‍മാരുടെ വിലയിരുത്തല്‍.

ഫ്രണ്ട് ഫൂട്ടില്‍ ഷായുടെ ഷോട്ട് കണ്ട കമന്റേറ്റര്‍ ഇയാന്‍ ബിഷോപാണ് പൃഥ്വിയില്‍ പുതിയ സച്ചിനെ കാണുന്നുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് ട്വിറ്ററില്‍ സച്ചിന്റെ ഷോട്ടും പൃഥ്വിയുടെ ഷോട്ടും തമ്മില്‍ താരതമ്യപ്പെടുത്തലായി പിന്നെ പണി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ നായകന്റെ ഉയര്‍ന്ന നാലാമത്തെ സ്‌കോറാണ് പൃഥ്വി ഷാ ഓസീസിനെതിരെ നേടിയത്.

എന്തായാലും ഓസ്‌ട്രേലിയയെ 100 റണ്‍സിന് തുരത്തിയ ഇന്ത്യ ലോകകപ്പിന് കിടിലന്‍ തുടക്കം കുറിച്ചു. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 42.5 ഓവറില്‍ 228 റണ്‍സിന് എല്ലാവരും പുറത്തായി.