യുവതാരം ശുഭ്മാൻ ഗില്ലിൻ്റെ സ്ഥിരതയില്ലാത്ത ഫോമിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വിമർശനവുമായി എത്തിയിരിക്കുകയാണ്. ഫെബ്രുവരി രണ്ടിന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ശുഭ്മാൻ ഗിൽ 34 റൺസിന് പുറത്തായി. പരമ്പര ഓപ്പണർ 28 റൺസിന് തോറ്റതിന് ശേഷം, വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ബെൻ സ്റ്റോക്സിൻ്റെ ഇംഗ്ലണ്ടിന് ആതിഥേയത്വം വഹിക്കുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് അതിഥികളെ ആദ്യം ബൗൾ ചെയ്യാൻ ക്ഷണിച്ചു. ദിവസം അവസാനിക്കുമ്പോൾ 336 റൺസ് എടുത്ത ഇന്ത്യക്ക് 6 വിക്കറ്റുകളാണ് നഷ്ടമായിരിക്കുന്നത്.
ഇന്ത്യയുടെ വളർന്നുവരുന്ന ഐക്കൺ ശുഭ്മാൻ ഗിൽ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലെ മോശം ഫോമിനെത്തുടർന്ന് ആരാധകരുടെ ട്രോളുകളിൽ നിറയുകയാണ് ഇപ്പോൾ. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഗിൽ രണ്ടാം മത്സരത്തിൽ മികച്ച സ്കോർ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 29-ാം ഓവറിൽ ജെയിംസ് ആൻഡേഴ്സൻ്റെ പന്തിൽ പുറത്താകുമ്പോൾ ഗില്ലിന് 34 റൺസ് മാത്രമേ നേടാനായുള്ളൂ. 24-കാരൻ ടീമിനായി ശ്രദ്ധേയമായ പ്രകടനങ്ങൾ ഈ കലയളവിൽ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ സമീപകാല ഫോം ഇന്ത്യൻ ടീമിന് ഒരു പ്രധാന ആശങ്കയാണ്. പുജാരയെ പോലെ ഒരു സീനിയർ താരം പുറത്തുണ്ടെന്ന് ഓർക്കുന്നത് താരത്തിന് നല്ലത് ആയിരിക്കുമെന്ന് രവി ശാസ്ത്രി ഇന്നത്തെ ഇന്നിങ്സിന് ശേഷം താരത്തെ ഓർമിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് ടെസ്റ്റ് ടീമിലെ ഒഴിച്ചുകൂടാൻ ആകാത്ത സാന്നിധ്യം ആയിരുന്നു പൂജാര.
ടെസ്റ്റിൽ താരം മികച്ച പ്രകടനം നടത്തിയിട്ട് കാലങ്ങളായി. ഫോർമാറ്റ് തനിക്ക് ഒട്ടും വഴങ്ങുന്നില്ല എന്നത് വീണ്ടും വീണ്ടും തെളിയിക്കുന്ന പ്രകടനമാണ് നടത്തികൊണ്ടിരിക്കുന്നത്. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ സാധിക്കാതെ നിരാശപ്പെടുത്തിയ താരത്തിന് വിമർശനങ്ങൾ കൂടുമ്പോൾ താരത്തെ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം വരെ ഇപ്പോൾ ശക്തമാണ്.
രോഹിതിന്റെയും കോഹ്‌ലിയുടെയും പാത പിന്തുടർന്ന് ടീമിനെ നയിക്കേണ്ടവൻ ഇങ്ങനെ നിരാശപെടുത്തിയാൽ എന്താണ് ചെയ്യുക എന്ന ചോദ്യമാണ് ആളുകൾ ചോദിക്കുന്നത്. മറ്റുള്ളവർക്ക് പലർക്കും കിട്ടാത്ത പ്രിവിലേജ് നിനക്ക് തരുന്നത് അത് കളയാൻ അല്ലെന്നും താരത്തെ ആരാധകർ ഓർമിപ്പിക്കുന്നു.